ലോകത്തെങ്ങുമുള്ള സഞ്ചാരികളെ ആകർഷിക്കുന്ന താൽ അഗ്നിപർവതത്തിൽ നിന്ന് പൊട്ടിത്തെറിയുടെ സൂചന നൽകി ലാവ ഒഴുകിത്തുടങ്ങി. തിങ്കളാഴ്ചയാണ് ലാവാപ്രവാഹം തുടങ്ങിയത്. ഒരു കിലോമീറ്റർ ഉയരത്തില്‍ പുകയും പൊങ്ങിയിട്ടുണ്ട്. മണിക്കൂറുകൾക്കോ ദിവസങ്ങൾക്കോ ഉള്ളിൽ വന്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന് അഗ്നിപര്വതപഠന കേന്ദ്രം മുന്നറിയിപ്പ് നല്കി.
ഫിലിപ്പീന്‍സിൻ്റെ തലസ്ഥാനമായ മനിലയ്ക്ക് 50 കിലോമീറ്റര്‍ തെക്കുഭാഗത്തായി ബറ്റൻഗാസ് പ്രവിശ്യയിലാണ് താൽ അഗ്നിപര്‍വതം സ്ഥിതിചെയ്യുന്നത്. അഗ്നിപര്‍വതം കാണാന്‍ ഒട്ടേറെ വിനോദസഞ്ചാരികള്‍ ഇവിടേക്ക് എത്താറുണ്ട്. 450 വർഷത്തിനിടെ 34 തവണ താൽ അഗ്നിപർവതം പൊട്ടിത്തെറിച്ചിട്ടുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്. അഗ്നിപർവതത്തിൽ നിന്നും പുകയും ചാരവും വമിച്ചതിനെ തുടർന്ന് അഗ്നിപർവത മേഖലയിലെ 8000 ലേറെ പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള നടപടികൾ അധികൃതർ ആരംഭിച്ചിരുന്നു.
Content Highlights: Philippines lava gushes from Taal volcano as alert level raised