‘ഒരല്പം വേഗത നീ കുറച്ചിരുന്നെങ്കിൽ’ ; വാഹനാപകടത്തിൽ മരിച്ച സുഹൃത്തിന് വേണ്ടി ഒരു വെെകാരിക ഫേസ്ബുക്ക് പോസ്റ്റ്

facebook post-ഹക്കിം മൊറയൂർ

‘പോസ്റ്റ് മോർട്ടം കഴിഞ്ഞിട്ടും ആംബുലൻസിൽ കയറ്റിയിട്ടും ഒരു നേരിയ പ്രതീക്ഷ ബാക്കി ഉണ്ടായിരുന്നു. മഹാത്ഭുതം പോലെ നീ തിരിച്ചു വരും എന്ന് തന്നെ ഞാൻ വിശ്വസിച്ചു’. ബിസ്മി മേഷീൻ ടൂൽ കമ്പനിയിൽ ജോലിക്കാരനായ തൻറെ സുഹ്യത്ത് ഉണ്ണിക്യഷ്ണൻ വാഹനാപകടത്തിൽ മരിച്ചതിൻറെ വേദനയിൽ ഹക്കിം മറൊയൂർ എഴുതിയ പോസ്റ്റിലെ വാക്കുകളാണിവ.. മലപ്പുറം പടിഞ്ഞാറ്റുമുറിൽ താമസിക്കുന്ന ഉണ്ണികൃഷ്ണൻ കഴിഞ്ഞ ദിവസമാണ് ബെെക്ക് ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെടത്. അനിയനെ ജോലിസ്ഥലത്ത് കൊണ്ടുവിടാൻ പോകുന്ന വഴിയായിരുന്നു അപകടം. ഉണ്ണികൃഷ്ണൻറെ അപ്രതീക്ഷിതമായ വിയോഗം സുഹ്യത്തളെയൊക്കെ ആഴത്തിൽ വേദനിപ്പിച്ചിരുന്നു. ഉണ്ണികൃഷ്ണൻറെ സഹപ്രവർത്തകനും ഉറ്റ സുഹൃത്തുമായ ഹക്കിം മൊറയൂർ ഉണ്ണികൃഷ്ണൻറെ ഓർമ്മകൾ പങ്ക് വച്ച് ഫേസ് ബുക്കിൽ പോസ്റ്റിട്ടിരുന്നു. 

മലക്ക് പോവാൻ നീ മാലയിട്ടപ്പോൾ ഞാനും നിന്നെ പോലെ ഭക്ഷണത്തിൽ സ്വാമിയായത് ഓർമയില്ലേയെന്നും, മരിച്ച് ഫ്രീസറിൽ നിന്നും എടുക്കുമ്പോഴും സ്‌ട്രെച്ചറിൽ കയറ്റി ഇൻസ്‌പെക്ഷൻ റൂമിലെ ഉയർത്തി കെട്ടിയ ടൈൽസ് തറയിൽ കിടത്തുമ്പോഴുമൊക്കെ ഹക്കീം ക്കാ എന്നൊരു വിളി ഞാൻ വെറുതെ പ്രതീക്ഷിച്ചിരുന്നുവെന്നും ഒരു പക്ഷെ കുറച്ച് വേഗത കുറച്ച് വണ്ടി ഓടിച്ചിരുന്നെങ്കിൽ നിന്നെ നഷ്ടപ്പെടുകയില്ലായിരുന്നു എന്നും ഹക്കീം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. നാടൻ പാട്ടുകളെ സ്റ്റേഹിച്ചിരുന്ന അഭിനയിക്കണമെന്ന ആഗ്രഹം മനസിൽ കൊണ്ട് നടന്ന ഒരു കൊച്ചു കലാകാരനായിരുന്നു ഉണ്ണികൃഷ്ണൻ. ചുരുക്കം ചില ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചിട്ടുമുണ്ട്.

ഹക്കിം മൊറയൂരിൻറെ ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണ്ണരൂപം

പ്രിയപ്പെട്ട ഉണ്ണീ.

ഈ വേളയിൽ ഞാൻ നിന്നോട് എന്താണ് പറയുക?.

ഇന്നലെ മെഡിക്കൽ കോളേജിൽ വെച്ചു അവസാനമായി നിന്നെ കണ്ടപ്പോൾ തിരിച്ചറിയാൻ കഴിയാത്ത വിധം മാറി പോയിരുന്നു നീ.

തണുത്തു മരവിച്ചു മോർച്ചറിയിൽ ഒറ്റക്ക് നീ കിടക്കുമ്പോൾ പുറത്ത് വെന്തുരുകി നിന്നെയും കാത്തിരിക്കുകയായിരുന്നു ഞങ്ങൾ. അവസാനമായി നിന്നെ കൊണ്ടു വന്ന പെട്ടി തിരിച്ചു മെഡിക്കൽ കോളേജിന്റെ അകത്തേക്ക് ഉന്തി കൊണ്ടു പോവുമ്പോൾ കരയുകയായിരുന്നു ഇടനെഞ്ച്. ആ മരവിപ്പ് ഞാനും അറിയുകയായിരുന്നു.

ഉണ്ണീ.

ആദ്യമായി കണ്ടപ്പോൾ ഒരു പാട് തെറ്റിദ്ധരിച്ചു പോയിരുന്നു ഞാൻ. നിന്റെ രൂപവും ഭാവവും താടിയും മുടിയുമെല്ലാം കണ്ടപ്പോൾ ലഹരിക്ക് അടിമയായ ഒരു പയ്യൻ എന്നേ കരുതിയുള്ളൂ.

പക്ഷെ നിന്റെ ലഹരി നാടൻ പാട്ടും നൃത്തവും ബൈക്കുമൊക്കെ മാത്രമാണെന്നറിഞ്ഞ നിമിഷം മുതൽ പിന്നെ നീ എനിക്കും ഉണ്ണിയായി.

എത്ര തവണ നിന്നെ ഞാൻ വഴക്ക് പറഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെ ഒരക്ഷരം പോലും മറുത്തു പറയാതെ നീ എന്നെ അനുസരിച്ചിട്ടേ ഉള്ളൂ.

ക്ലാസ്സിൽ വൈകി എത്തുന്ന ഒരു കൊച്ചു കുട്ടിയുടെ മുഖമായിരുന്നു പലപ്പോഴും നിനക്ക്.

എത്രയോ ദിവസങ്ങളിൽ നമ്മൾ രണ്ട് പേരും ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ട്. അന്നൊക്കെ ഹെൽമെറ്റ്‌ വെക്കാതെ നിന്നെ ഞാൻ വണ്ടി ഓടിക്കാൻ സമ്മതിച്ചിട്ടുണ്ടോ?.

എപ്പോഴെങ്കിലും 50 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ വണ്ടി ഓടിക്കാൻ ഞാൻ നിന്നെ സമ്മതിക്കാറുണ്ടോ?.

ഒരു മണിക്കൂർ ദൂരം അര മണിക്കൂർ കൊണ്ടു നീ ഓടിയെത്തുമ്പോൾ എത്ര തവണ ഞാൻ നിന്നെ ചീത്ത വിളിച്ചിട്ടുണ്ട് ഉണ്ണീ.

അന്നൊക്കെ ഹക്കീംക്കാ എന്നും വിളിച്ചു ചിരിച്ചു കൊണ്ടു നീ പോവുകയല്ലേ പതിവ് ഉണ്ണീ.

മലക്ക് പോവാൻ നീ മാലയിട്ടപ്പോൾ ഞാനും നിന്നെ പോലെ ഭക്ഷണത്തിൽ സ്വാമിയായത് ഓർമയില്ലേ ഉണ്ണീ. ഇങ്ങള് വേണമെങ്കിൽ പോയി ബിരിയാണി കഴിച്ചോ എന്ന് സ്നേഹത്തോടെ നീ പറയുന്നത് ഞാൻ ഇന്നും ഓർക്കുന്നു ഉണ്ണീ.

നിനക്ക് അഭിനയിക്കാൻ ഒരു ഷോർട് ഫിലിം കഥ എഴുതാം എന്ന് ഞാൻ വാക്ക് തന്നത് ഇപ്പൊ ഓർമ്മിക്കുന്നു. നീ മൂളിയ നാടൻ പാട്ടുകൾ ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നു ഉണ്ണീ.

എന്റെ മൊബൈലിൽ നീ അയച്ചു തന്ന ആ ഇഷ്ട ഗാനങ്ങൾ മാത്രമല്ലെ ഉള്ളൂ. ഓരോ യാത്രകളിലും ഇനിയും ഞാൻ കേൾക്കുന്നത് നിന്റെയാ ഇഷ്ട ഗാനങ്ങൾ തന്നെയാവും ഉണ്ണീ.

ബാങ്ക് അക്കൗണ്ട് തുടങ്ങാൻ പറഞ്ഞപ്പോഴും പൈസ സേവ് ചെയ്യാൻ പറഞ്ഞപ്പോഴും ഒക്കെ ഒരു പുഞ്ചിരി മാത്രമായിരുന്നു നിന്റെ മറുപടി. നിനക്കൊരിക്കലും സ്വന്തം കാര്യം മാത്രം നോക്കാൻ കഴിയില്ലെന്ന് ഞാൻ അന്നേ മനസ്സിലാക്കിയിരുന്നു.

ഇന്ന് അവസാനമായി പോലീസ് റിപ്പോർട്ട്‌ തയ്യാറാക്കുമ്പോൾ ഞാൻ നിന്റെ വിരലുകളിൽ തൊട്ടിരുന്നു ഉണ്ണീ. എന്തൊരു തണുപ്പായിരുന്നു എന്നറിയുമോ നിനക്ക്.

പരിശോധനക്കായി അവരുടെ കൂടെ സഹായത്തിനു വന്ന അഞ്ചു പേരിൽ ഒരാൾ ഞാനായിരുന്നു ഉണ്ണീ.

ഫ്രീസറിൽ നിന്നും എടുക്കുമ്പോഴും സ്‌ട്രെച്ചറിൽ കയറ്റി ഇൻസ്‌പെക്ഷൻ റൂമിലെ ഉയർത്തി കെട്ടിയ ടൈൽസ് തറയിൽ കിടത്തുമ്പോഴുമൊക്കെ ഹക്കീം ക്കാ എന്നൊരു വിളി ഞാൻ വെറുതെ പ്രതീക്ഷിച്ചു.

പരിശോധനക്കായി നിന്നെ തിരിച്ചും മറിച്ചും കിടത്തുമ്പോൾ പഴയ പോലെ ആ പുഞ്ചിരി മുഖത്ത് വിടരുന്നുണ്ടോ എന്ന് ഞാൻ വെറുതെ നോക്കിയിരുന്നു.

നിനക്ക് അപകടം പറ്റി എന്നറിഞ്ഞപ്പോൾ മനസ്സിൽ ഒരു വല്ലാത്ത നീറ്റൽ ആയിരുന്നു. ഐസിയുവിലെ തണുപ്പിൽ നിന്റെ മുഖത്ത് മിന്നി മറഞ്ഞ ആ നേർത്ത പുഞ്ചിരി എല്ലാവരെയും പോലെ എനിക്കും സമ്മാനിച്ചത് പ്രതീക്ഷ തന്നെയായിരുന്നു.

നീ നന്നായി സംസാരിച്ചു എന്ന് കൂട്ടുകാർ പറഞ്ഞപ്പോൾ എന്തൊരു സന്തോഷമായിരുന്നെന്നോ ഉണ്ണീ.

ഓരോ നിമിഷവും നീ തിരിച്ചു വരും എന്ന് തന്നെ ഞാൻ പ്രതീക്ഷിച്ചു.

പോസ്റ്റ്മോർട്ടം കഴിഞ്ഞിട്ടും ആംബുലൻസിൽ കയറ്റിയിട്ടും ഒരു നേരിയ പ്രതീക്ഷ ബാക്കി ഉണ്ടായിരുന്നു. മഹാത്ഭുതം പോലെ നീ തിരിച്ചു വരും എന്ന് തന്നെ ഞാൻ വിശ്വസിച്ചു.

പക്ഷെ,

ഒടുക്കം നീ എന്നെ കരയിപ്പിച്ചു കളഞ്ഞു ഉണ്ണീ. നിന്നെ ഒരു നോക്ക് കാണാൻ വന്ന ആയിരങ്ങൾക്ക് എല്ലാം ഒരേ വികാരമായിരുന്നു ഉണ്ണീ.

ഇനി നീ ഇല്ല എന്ന് വിശ്വസിക്കാൻ എനിക്ക് ഇപ്പോഴും കഴിയുന്നില്ല. നാളെ കടയിൽ വരുമ്പോൾ നിന്റെ ബൈക്കിന്റെ മുരൾച്ച ഞാൻ പ്രതീക്ഷിക്കും ഉണ്ണീ. ഹക്കീം ക്കാ എന്ന ഒരു വിളി ഞാൻ പ്രതീക്ഷിക്കും.

എല്ലാം നീ കാണുന്നുണ്ടാവും എന്നെനിക്കറിയാം ഉണ്ണീ.

എങ്കിലും എനിക്ക് നിന്നോട് ഒരു ചെറിയ പരിഭവം ബാക്കിയുണ്ട് ഉണ്ണീ.

ഞാൻ ഹെൽമെറ്റ് വാങ്ങാൻ പറഞ്ഞപ്പോൾ നീ വാങ്ങി. ഞാൻ പറയുന്നത് എല്ലാം നീ സ്നേഹത്തോടെ അനുസരിച്ചു.

പക്ഷെ ഉണ്ണീ,

ഞാനെപ്പോഴും പറയുന്ന പോലെ ഒരല്പം വേഗത നീ കുറച്ചിരുന്നെങ്കിൽ ഒരു പക്ഷെ…………..

പിണങ്ങാൻ പറഞ്ഞതല്ല ഉണ്ണീ.

സ്നേഹം കൊണ്ടു പറഞ്ഞു പോയതാണ് നിന്റെ ഹക്കീം ക്കാ.

സ്നേഹം മാത്രം ഉണ്ണീ. സ്നേഹം മാത്രം.

നിന്റെ സ്നേഹ സ്മരണകൾക്ക് മുൻപിൽ ഒരായിരം പുഷ്പങ്ങൾ അർപ്പിച്ചു കൊണ്ടു നിർത്തട്ടെ ഉണ്ണീ.

സ്നേഹപൂർവ്വം,

ഹക്കീം മൊറയൂർ.

content highlights:emotional Facebook post

LEAVE A REPLY

Please enter your comment!
Please enter your name here