ആഫ്രിക്കന്‍ തവളയുടെ ഹൃദയത്തില്‍ നിന്നും ചര്‍മത്തില്‍ നിന്നുമുള്ള മൂലകോശങ്ങള്‍ എടുത്ത് സെനോബോട്ട് എന്ന ജീവനുള്ള റോബോട്ടിനെ നിര്‍മ്മിച്ചിരിക്കുകയാണ് അമേരിക്കൻ ശാസ്ത്രജ്ഞർ. യുഎസിലെ മാസച്യുസിറ്റ്സിലുള്ള ടഫ്സ് യൂണിവേഴ്സ്റ്റിയിലെയും യൂണിവേഴ്സിറ്റി ഓഫ് വെര്‍മോണ്ടിലെയും ശാസ്ത്രജ്ഞര്‍ നടത്തിയ ഗവേഷണത്തിലൂടെയാണ് പുതിയ കണ്ടുപിടുത്തം.
മണല്‍ത്തരിയുടെ വലുപ്പം മാത്രമാണ് സെനോബോട്ടിന്. റോബട്ടെന്നോ ജീവിയെന്നോ വിളിക്കാനാവില്ല. പകരം ഭൂമിയില്‍ ജീവൻറെ പുതിയ രൂപമെന്നാണ് ശാസ്ത്രജ്ഞര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. മനുഷ്യശരീരത്തിനുള്ളില്‍ ഓടിനടന്ന് പ്രത്യേക ഭാഗത്തോ അവയവങ്ങളിലോ മരുന്നെത്തിക്കാനും രക്തധമനികളിലെ തടസ്സം നീക്കാനും വെള്ളത്തിലെ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള സൂക്ഷ്മമാലിന്യങ്ങള്‍ നീക്കാനും സെനോബോട്ടിനെ കൊണ്ട് കഴിയും.
സെനോബോട്ട് ജീവനുള്ളതും പ്രോഗ്രാം ചെയ്യാവുന്ന ‘യന്ത്ര’വും കൂടിയാണ്. പ്രോഗ്രാം ചെയ്യുന്നത് കോശങ്ങളെത്തന്നെയാണ്. ഇവയെ രണ്ടായി മുറിച്ചാല്‍ നിമിഷങ്ങള്‍ക്കകം കൂടിച്ചേര്‍ന്നു പഴയരൂപത്തിലാകും. വെറും 7 ദിവസം മാത്രമാണ് ഇവയുടെ ആയുസ്സ്. ദൗത്യം അവസാനിച്ചാല്‍ പ്രകൃതിയില്‍ അലിഞ്ഞുചേരുകയും ചെയ്യും. ഈ ജീവിതചക്രം പൂര്‍ത്തിയാക്കാന്‍ വേണ്ട ഊര്‍ജം ഇവയുടെ ശരീരത്തില്‍ തന്നെയുണ്ട്.
ആവശ്യങ്ങള്‍ക്കനുസരിച്ച് സെനോബോട്ടിനെ വ്യത്യസ്തരൂപങ്ങളില്‍ നിര്‍മിക്കാനാവും. ദൗത്യം എന്തായിരിക്കണം എന്നു പ്രോഗ്രാം ചെയ്യാമെങ്കിലും അത് എങ്ങനെ നിര്‍വഹിക്കണമെന്നു സെനോബോട്ടിനു സ്വയം തീരുമാനിക്കാനാകും.
Content highlights: living robot developed scientists using frog embryos