ഡിഎസ്‌പി ദേവീന്ദർ സിംഗിന്‍റെ പൊലീസ് മെഡൽ പിൻവലിച്ചു

Davinder Singh

ജമ്മു കശ്മീരിൽ ഹിസ്ബുള്‍ ഭീകരർക്കൊപ്പം അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥൻ ദേവീന്ദർ സിംഗിനെതിരെ കൂടുതൽ നടപടി എടുത്തുകൊണ്ട് അദ്ദേഹത്തിന് സമ്മാനിച്ച ഷേർ ഇ കശ്‌മീർ മെഡൽ പിൻവലിച്ചു കൊണ്ട് കശ്‌മീർ ലെഫ്ൻ്റ് ഗവർണർ ഉത്തരവിറക്കി. 2018ലാണ് ദേവീന്ദറിന് ധീരതയ്‌ക്കുള്ള മെഡൽ സർക്കാർ നൽകിയത്. സർവ്വീസിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യമുന്നയിച്ച് ജമ്മു കശ്മീർ പൊലീസ് വകുപ്പ് ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയതിന് പിന്നാലെയാണ് പൊലീസ് മെഡൽ പിൻവലിച്ചിരിക്കുന്നത്. ദേവീന്ദറിൻ്റെ സ്ഥാനക്കയറ്റത്തിനുള്ള നടപടികൾ മരവിപ്പിച്ചതായും പോലീസ് അറിയിച്ചിരുന്നു.

ഡിഎസ്‌പിയുടെ സ്വത്ത് കണ്ടെത്തുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. 2001 ലെ പാർലമെൻ്റ് ആക്രമണത്തിലെ പ്രതി അഫ്‌സൽ ഗുരുവുമായി ദേവീന്ദർ സിങ്ങിനു ബന്ധമുണ്ടായിരുന്നോ എന്നും അന്വേഷണം ഉണ്ടായേക്കും. സംഭവത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് പോലീസിന് പുറമെ ഐബി, മിലിട്ടറി ഇൻ്റലിജൻസ്, റോ എന്നിവർ ദേവീന്ദറിനെ ചോദ്യം ചെയ്‌തുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

ഡിഎസ്‌പിക്കൊപ്പം പിടിയിലായ ഭീകരർ റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി ഇൻ്റലിജൻസ് റിപ്പോർട്ട് ചെയ്‌തിരുന്നു. തീവ്രവാദികളെ ദില്ലിയിൽ എത്തിക്കുന്നതിന് 12 ലക്ഷം രൂപയാണ് ദേവീന്ദർ കൈപ്പറ്റിയിരുന്നത്.

ഹിസ്ബുൾ മുജാഹിദീൻ ജില്ലാ കമാൻഡർ നവീദ് ബാബു ഉൾപ്പെടെ രണ്ടു ഭീകരർക്കൊപ്പമാണ് ശ്രീനഗർ രാജ്യാന്തര വിമാനത്താവളത്തിലെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടായ ദേവീന്ദർ അറസ്‌റ്റിലായത്. ഭീകരരെ ന്യൂഡൽഹിയിലേക്ക് എത്തിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. കഴിഞ്ഞയാഴ്‌ച 15 രാജ്യങ്ങളുടെ പ്രതിനിധികൾ ശ്രീനഗർ സന്ദർശിച്ചപ്പോൾ സുരക്ഷാ ക്രമികരണങ്ങൾ ചെയ്‌തത് ദേവീന്ദറായിരുന്നു.

Content highlights: superintendent of police Davinder Singh police medal taken back by the administration