ജയിൽ മോചിതനായ ആസാദ് ഇന്ന് ഉച്ചയ്‍ക്കു ഡൽഹി ജുമാമസ്ജിദില്‍ വെള്ളിയാഴ്ച നമസ്കാരത്തിനെത്തും

chandrashekhar azad

പൌരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ‌ഇന്ന് ഉച്ചയ്‍ക്കു ഡൽഹി ജുമാമസ്ജിദില്‍ വെള്ളിയാഴ്ച നമസ്കാരത്തിനെത്തും. കഴിഞ്ഞ ദിവസമാണ് ആദാസിന് ഡൽഹിയിലെ തീസ് ഹസാരി കോടതി ജാമ്യം അനുവദിച്ചത്. ഡൽഹി ദരിയാഗഞ്ചിലെ സംഘർഷവുമായി ബന്ധപ്പെട്ടാണ് ചന്ദ്രശേഖർ ആസാദിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കലാപത്തിന് ആഹ്വാനം ചെയ്തുവെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ഗൂഢാലോചന നടത്തി, പൊതുമുതൽ നശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളും ചന്ദ്രശേഖറിനെതിരെ ചുമത്തി. ചന്ദ്രശേഖറിനൊപ്പം പതിനാലോളം പ്രവർത്തകരേയും അറസ്റ്റ് ചെയ്തിരുന്നു.

വൻ സ്വീകരണമാണ് ജയിലിന് പുറത്ത് ആസാദിന് അണികൾ നൽകിയത്. രാമദാസ് ക്ഷേത്രത്തിലും ഗുരുദ്വാരയിലും ക്രിസ്ത്യന്‍ പള്ളിയിലും പ്രാര്‍ഥന നടത്തിയ ശേഷം കോടതി ഉത്തരവ് അനുസരിച്ച് സ്വദേശമായ യുപിയിലെ സഹാറന്‍പുരിലേക്കു മടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഈ ആഴ്ചകളിലെ എല്ലാ ശനിയാഴ്ചയും യുപിയിലെ സഹറൻപുർ പൊലീസ് സ്‌റ്റേഷനിൽ എത്തി ഒപ്പിടണമെന്ന് കോടതിയുടെ ഉത്തരവിൽ പറയുന്നു. അതിന് ശേഷം കുറ്റപത്രം സമർപ്പിക്കുന്നത് വരെ എല്ലാ മാസത്തിലേയും അവസാന ശനിയാഴ്ച സ്‌റ്റേഷനിലെത്തണമെന്നും ചികിത്സക്കായി ഡൽഹിയിൽ വരേണ്ടതുണ്ടെങ്കിൽ പൊലീസിനെ അറിയിക്കണമെന്നും ഡൽഹിയിൽ സമരങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ടെങ്കിൽ ഒരു മാസത്തേക്ക് വിട്ട് നിൽക്കണമെന്നും കോടതി നിർദേശിച്ചു.

content highlights: bhim army chief chandrashekhar azad released from tihar