മുംബൈ സ്‌ഫോടന കേസിലെ പ്രതിയും കൊടും കുറ്റവാളിയുമായ ജലീസ് അന്‍സാരി പരോളിനിറങ്ങി മുങ്ങി

jelees ansary

കൊടും കുറ്റവാളിയും 1993ലെ മുംബൈ സ്‌ഫോടന കേസടക്കം അമ്പതോളം സ്‌ഫോടനക്കേസുകളിലെ പ്രതിയുമായ ജലീസ് അന്‍സാരി പരോളിനിറങ്ങി മുങ്ങി. ഡോക്ടര്‍ ബോംബ് എന്നറിയിപ്പെടുന്ന ജലീസ് അന്‍സാരിയ്ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.

രാജസ്ഥാനിലെ അജ്മീര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും സുപ്രീം കോടതി അനുവദിച്ച 21 ദിവസത്തെ പരോളിനിറങ്ങിയ ജലീസ് പരോള്‍ അവസാനിക്കുന്ന വെള്ളിയാഴ്ച തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുങ്ങിയതായി വ്യക്തമായത്. സൗത്ത് മുംബൈ മോമിന്‍പുര സ്വദേശിയായ ഇയാൾക്കായി മഹാരാഷ്ട്ര പോലിസും മഹാരാഷ്ട്ര എടിഎസും തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

പരോള്‍ ദിവസങ്ങളില്‍ എല്ലാ ദിവസവും 10.30നും 12നും ഇടയില്‍ മുംബൈ അഗ്രിപദ പോലീസ് സ്റ്റേഷനില്‍ ഹാജരാകേണ്ടിയിരുന്നു. എന്നാല്‍, പരോള്‍ അവസാനിക്കുന്നതിന് മുമ്പ് വ്യാഴാഴ്ച ജലീസ് ഒപ്പിടാനെത്തിയില്ല. തുടര്‍ന്ന് ഇയാളുടെ മകന്‍ കാണാനില്ലെന്ന പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തി. ഇതോടെയാണ് ജലീസ് മുങ്ങിയ വിവരം പോലീസിന് മനസിലായത്. മകൻറെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഇയാൾ ബോംബ് നിര്‍മ്മിക്കുന്നതില്‍ വിദഗ്ധനായിരുന്നു. സിമി, ഇന്ത്യന്‍ മുജാഹിദ്ദീന്‍ തുടങ്ങിയ ഭീകര സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന അൻസാരിയെ 2008ലെ മുംബൈ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് എന്‍ഐഎ 2011ല്‍ ചോദ്യം ചെയ്തിരുന്നു.

Content highlights: the convict of 1993 Mumbai serial blasts case, Jalees Ansari, went missing on Thursday morning while being on parole