മിസോറാമിലെ ഗോത്ര അഭയാര്‍ത്ഥികള്‍ക്ക് ത്രിപുരയിൽ സ്ഥിര താമസത്തിന് വഴിയൊരുക്കി കേന്ദ്ര സർക്കാർ. ഇതു സംബന്ധിച്ച കരാറിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഒപ്പു വച്ചു. ത്രിപുര, മിസോറാം മുഖ്യമന്ത്രിമാരുടെ സാന്നിദ്ധ്യത്തിലാണ് കരാര്‍ ഒപ്പ് വച്ചത്. 1996-ല്‍ മിസോറാമില്‍ നിന്നും വന്ന 30,000 ബ്രൂ അഭയാര്‍ത്ഥികളെ ത്രിപുരയില്‍ പാര്‍പ്പിക്കുന്നതാണ് കരാര്‍. ഇവരുടെ ക്ഷേമത്തിനായി 600 കോടി രൂപയുടെ പാക്കേജും കേന്ദ്രം പ്രഖ്യാപിച്ചു. പാക്കേജ് അനുസരിച്ച് ഓരോ കുടുംബത്തിനും നാല് ലക്ഷം രൂപ സ്ഥിര നിക്ഷേപവും, കൂടാതെ രണ്ട് വര്‍ഷത്തേക്ക് പ്രതിമാസം അയ്യായിരം രൂപ ധനസഹായവും സൗജന്യ റേഷനും നല്‍കുമെന്ന് അമിത് ഷാ അറിയിച്ചു.
മിസോറാമിലെ ഗോത്രവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കിടയില്‍ 1996-ലുണ്ടായ കലാപത്തെ തുടര്‍ന്നാണ് ബ്രൂ വിഭാഗക്കാര്‍ ത്രിപുരയിലേക്ക് കുടിയേറിയത്. കഴിഞ്ഞ 24 വര്‍ഷമായി ഇവരെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നെങ്കിലും ഒന്നും ഫലപ്രദമായിരുന്നില്ല. ത്രിപുരയിൽ കുടിയേറിയവരെ ത്രിപുരയിലെ വോട്ടര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്നും പാക്കേജിൻ്റെ ഭാഗമായി ഇവര്‍ക്ക് താമസസ്ഥലം കണ്ടെത്താനായി ത്രിപുര സര്‍ക്കാര്‍ കേന്ദ്ര ഫണ്ട് അനുവദിക്കുമെന്നും അമിത് ഷാ അറിയിച്ചു. പ്രധാനമന്ത്രിയുടെ ഭവനപദ്ധതിയിലൂടെ എല്ലാവര്‍ക്കും വീട് വച്ചു നല്‍കുമെന്ന് അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
content highlights: central government welcomes agreement to permanently settle bru reang refugees in tripura