കേരള ടൂറിസത്തിൻ്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലെ ബീഫ് ഉലര്‍ത്തിയതിൻ്റെ ചിത്രത്തിനെതിരെ വിശ്വ ഹിന്ദു പരിഷത്ത് രംഗത്തെത്തി. ശങ്കരാചാര്യരുടെ പുണ്യ ഭൂമിയില്‍നിന്നുതന്നെയാണോ ഇത്തരമൊരു ട്വീറ്റ് എന്നും പശുവിനെ പൂജിക്കുന്ന കോടി ക്കണക്കിന് ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള നടപടിയാണ് കേരള ടൂറിസത്തിൻ്റെതെന്നും വിശ്വഹിന്ദു പരിഷത്ത് ദേശീയ വക്താവ് വിനോദ് ബന്‍സാല്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു വിനോദ് ബന്‍സാലിൻ്റെ പ്രതികരണം.
ബുധനാഴ്ചയാണ് കേരള ടൂറിസത്തിൻ്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ സുഗന്ധ വ്യഞ്ജനങ്ങളുടെ നാട്ടിലെ പ്രിയപ്പെട്ട വിഭവമാണിതെന്ന് കുറിച്ചു കൊണ്ട് ബീഫ് ഉലര്‍ത്തിയതിൻ്റെ ചിത്രം പോസ്റ്റ് ചെയ്തത്. പിന്നാലെയാണ് വിശ്വഹിന്ദു പരിഷത്ത് ദേശീയ വക്താവ് വിനോദ് ബന്‍സാല്‍ രംഗത്തെത്തിയത്. ഈ ട്വീറ്റ് ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണോ, അതോ ബീഫിനെ പ്രോത്സാഹിപ്പിക്കുന്നതിനാണോ? പശുവിനെ പൂജിക്കുന്ന കോടിക്കണക്കിന് പേരുടെ വികാരത്തെ ഇത് വ്രണപ്പെടുത്തില്ലേ? ശങ്കരാചാര്യരുടെ പുണ്യ ഭൂമിയില്‍നിന്നുതന്നെയാണോ ഇത്തരമൊരു ട്വീറ്റ് ഉണ്ടായത് എന്നും വിനോദ് ബന്‍സാല്‍ ട്വീറ്റില്‍ ചോദിച്ചു.
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവരെയും മറ്റൊരു ട്വീറ്റില്‍ കേന്ദ്ര മന്ത്രി അമിത് ഷാ, കേന്ദ്രം ടൂറിസം മന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍, ടൂറിസം മന്ത്രാലയം എന്നിവരെയും ടാഗ് ചെയ്തിട്ടുണ്ട്. വിനോദ സഞ്ചാരികളില്‍ നിരവധി ആളുകൾ പശുവിനെ ആരാധിക്കുന്നുണ്ടെന്നും, ആ ഭക്തരുടെ മതപരമായ വികാരങ്ങളെ മുറപ്പെടുത്തുന്ന വിധത്തിലുള്ള ഒന്നിനെയും പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്ന കാര്യം കേരള ടൂറിസം വകുപ്പ് മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Vishwa Hindu Parishad against the Beef image on Kerala Tourism page