രാഷ്ട്രീയ പ്രവേശനത്തിൽ താല്പര്യമില്ലായെന്ന് ആശാ ദേവി

Asha Devi

രാഷ്ട്രീയത്തിലേക്കില്ലായെന്ന് വ്യക്തമാക്കി ആശാ ദേവി. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആശാ ദേവി മത്സരിക്കുമെന്ന വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ നിർഭയയുടെ അമ്മ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന വാർത്തകളായിരുന്നു പുറത്തു വന്നിരുന്നത്. ഡൽഹി കോൺഗ്രസ് പ്രചാരണ വിഭാഗം ചെയർമാൻ കീർത്തി ആസാദിന്‍റെ ട്വീറ്റായിരുന്നു നിർഭയയുടെ അമ്മ രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുകയാണെന്ന വാർത്തകൾ പുറത്തു വന്നത്.
എന്നാൽ തനിക്ക് രാഷ്ട്രീയ പ്രവർത്തനത്തിൽ താൽപ്പര്യമില്ലെന്നും നിർഭയ കേസിലെ പ്രതികള തൂക്കിലേറ്റുക മാത്രമാണ് വേണ്ടതെന്നുമാണ് ആശാ ദേവി പറഞ്ഞത്.

‘എനിക്ക് രാഷ്ട്രീയത്തിൽ താൽപ്പര്യമില്ല. കോൺഗ്രസിലാരുമായും സംസാരിച്ചിട്ടുമില്ല. എന്‍റെ മകൾക്ക് നീതി ലഭ്യമാക്കുകയും പ്രതികളെ തൂക്കിലേറ്റുകയും വേണമെന്ന് മാത്രമേ എനിക്കുള്ളു. രാഷ്ട്രീയവുമായി എനിക്ക് യാതൊരു ബന്ധവുമില്ല’ ആശാ ദേവി പറഞ്ഞു. പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും കുടുംബത്തിന് രാഷ്ട്രീയത്തിൽ താൽപ്പര്യമില്ലെന്നും നിർഭയയുടെ അച്ഛൻ ബദ്രിനാഥും പറഞ്ഞു.

എന്നാൽ വാർത്തകളോട് ആശാ ദേവി നേരിട്ട് പ്രതികരിച്ചതോടെ വിശദീകരണവുമായി കോൺഗ്രസ് നേതാക്കളും രംഗത്ത് എത്തി.

content highlights : Asha Devi says she is not interested in politics