ദേശീയ സുരക്ഷാ നിയമം നടപ്പിലാക്കാന്‍ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് പ്രത്യേക അനുമതി നല്‍കികൊണ്ട് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ ഉത്തരവിറക്കി. തലസ്ഥാന നഗരിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം നടക്കുന്നതിനിടെയാണ് പൊലീസിന് പ്രത്യേക അധികാരം നല്‍കികൊണ്ട് ഗവര്‍ണറുടെ ഉത്തരവ്.
ദേശീയ സുരക്ഷാ നിയമ പ്രകാരം ദേശീയ സുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഒരു വ്യക്തി ഭീഷണിയാണെന്ന് കണ്ടാല്‍ കുറ്റമൊന്നും ചുമത്താതെ വ്യക്തിയെ മാസങ്ങളോളം തടങ്കലില്‍ വെക്കാന്‍ സാധിക്കും. ഈ അധികാരമാണ് ഡല്‍ഹി പോലീസിന് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.
ജനുവരി 19 മുതല്‍ ഏപ്രില്‍ 18 വരെയുള്ള കാലവയളവിലാണ് ഈ അധികാരം ഉപയോഗിക്കുന്നതിന് ലെഫ്റ്റണൻ്റ് ഗവര്‍ണര്‍ അനുമതി നല്‍കിയിരിക്കുന്നത്. ദേശീയ സുരക്ഷാ നിയമ പ്രകാരം ആളുകളെ തടഞ്ഞുവെക്കാനുള്ള അധികാരവും ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയിട്ടുണ്ട്.
ഗവര്‍ണറുടെ ഉത്തരവില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും ഇത്തരം ഉത്തരവുകള്‍ ഓരോ മൂന്ന് മാസം കൂടുമ്പോള്‍ ഉണ്ടാകാറുണ്ടെന്നും ഡല്‍ഹി പൊലീസ് കമ്മീഷണര്‍ പ്രതികരിച്ചു. എന്നാല്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ തലസ്ഥാനത്താകെ പ്രക്ഷോഭങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് പ്രത്യേക അധികാരം നല്‍കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
Content Highlights: Delhi Top Cop gave powers under the national security act amid CAA Protests