റെയില്‍വേ സ്റ്റേഷനിലെ നെയിം ബോര്‍ഡുകളില്‍ നിന്ന് ഉർദു മാറ്റി സംസ്കൃതമാക്കാന്‍ നിര്‍ദ്ദേശം

Sanskrit to replace Urdu at Uttarakhand stations

ഉത്തരാഖണ്ഡിലെ റെയില്‍വേ സ്റ്റേഷനുകളിലെ നെയിം ബോര്‍ഡുകളില്‍ നിന്ന് ഉര്‍ദു നീക്കം ചെയ്യാന്‍ തിരുമാനം. ഉര്‍ദ്ദുവിന് പകരം സംസ്കൃതം ഉപയോഗിക്കാണ് റെയില്‍വേ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നിലവില്‍ ഹിന്ദി, ഇംഗ്ലീഷ്, ഉര്‍ദു ഭാഷകളിലാണ് ബോര്‍ഡ് എഴുതിയിരിക്കുന്നത്. ഇതില്‍ നിന്നും ഉർദു ഒഴിവാക്കി ഇനി മുതല്‍ ഹിന്ദി, ഇംഗ്ലീഷ്, സംസ്‌കൃതം ഭാഷകളിലായിരിക്കും സൈന്‍ബോര്‍ഡുകളിലെ എഴുത്തുകള്‍. ഡറാഡൂണ്‍, റൂര്‍ക്കേ, ഹരിദ്ര്വാര്‍ എന്നീ റെയില്‍വേ സ്റ്റേഷനുകളിലാകും ആദ്യ ഘട്ടത്തില്‍ തിരുമാനം നടപ്പാക്കുക.

റെയില്‍വേ മാന്വല്‍ അനുസരിച്ചാണ് പുതിയ തീരുമാനം നടപ്പാക്കാന്‍ ഒരുങ്ങുന്നതെന്ന് അധികൃതര്‍ അറിയിച്ചു. മാന്വല്‍ പ്രകാരം ഹിന്ദിക്കും ഇംഗ്ലീഷിനും പുറമെ സംസ്ഥാനത്തെ രണ്ടാമത്തെ ഭാഷയാണ് ബോര്‍ഡില്‍ ഉപയോഗിക്കേണ്ടത്. 2010 ല്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ സംസ്കൃതത്തെ രണ്ടാം ഭാഷയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. നേരത്തേ ഉത്തരാഖണ്ഡ് യുപിയുടെ ഭാഗമായതിനാലാണ് ഉര്‍ദു ഉപയോഗിച്ചിരുന്നത്. യുപിയിലെ രണ്ടാം ഭാഷ ഉര്‍ദുവാണ്. ഇനി മുതല്‍ ഉര്‍ദു നെയിം ബോര്‍ഡില്‍ നിന്ന് നീക്കം ചെയ്യും. ഇപ്പോഴാണ് ഇത് ശ്രദ്ധയില്‍ പെടുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

റെയില്‍വേ സ്റ്റേഷനുകള്‍ ഉള്ള എല്ലാ ജില്ലാ മജിസ്ട്രേറ്റുകള്‍ക്കും സ്റ്റേഷനുകളുടെ പേരുകള്‍ സംസ്കൃതത്തില്‍ ഉള്‍പ്പെടെ തെറ്റുകൂടാതെ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മറുപടിയ്ക്കായി കാത്ത് നില്‍ക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു. അതേസമയം നേരത്തേ റെയില്‍വേ സ്റ്റേഷനുകളുടെ പേര് മാറ്റാനുള്ള ബിജെപി സര്‍ക്കാരിന്‍റെ നീക്കം വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. അതിന് പിന്നാലെയാണ് സ്റ്റേഷനുകളില്‍ ഉർദു പേര് മാറ്റാനുള്ള നീക്കവുമായി ബിജെപി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.

Content Highlights: Sanskrit to replace Urdu at Uttarakhand stations