കശ്​മീരിലെ ഇന്‍റര്‍നെറ്റ്​ ഉപയോഗം​ അശ്ലീല സിനിമകള്‍ കാണാൻ; ആയോഗ് അംഗം വി.കെ സരസ്വത്

V K Saraswat

കശ്​മീരില്‍ ഇന്‍റര്‍നെറ്റ്​ ബന്ധം വിച്ഛേദിച്ചതിനെ ന്യായീകരിച്ച്‌​ നീതി ആയോഗ് അംഗം വി.കെ സരസ്വത്. അശ്ലീലസിനിമകള്‍ കാണുന്നതിനാണ് അവര്‍​ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നത്​.​ അതുകൊണ്ടു തന്നെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതു മുതല്‍ ജമ്മു കശ്മീരിലെ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചതു കൊണ്ട്​ സമ്പദ്‌വ്യവസ്ഥയില്‍ കാര്യമായ സ്വാധീനം ചെലുത്തിയില്ലെന്നും സരസ്വത് പറഞ്ഞു.

ഗാന്ധിനഗറിലെ ധീരുഭായ് അംബാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്​ കമ്മ്യൂണിക്കേഷന്‍ ടെക്നോളജിയില്‍ നടന്ന വാര്‍ഷിക സമ്മേളനത്തിൽ ജമ്മു കശ്മീരില്‍ എന്തുകൊണ്ടാണ് ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത് എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സരസ്വത്.

രാഷ്ട്രീയക്കാര്‍ കശ്മീരിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നത് ഡല്‍ഹി റോഡുകളില്‍ നടക്കുന്ന പ്രതിഷേധം കശ്മീരില്‍ പുനഃസൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നതു കൊണ്ടാണെന്നും പ്രതിഷേധത്തിന് ആക്കം കൂട്ടാന്‍ അവര്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയുണ്ടായി.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 കേന്ദ്രം റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത 2019 ആഗസ്റ്റ് അഞ്ച്​ മുതല്‍ ഇന്‍റര്‍നെറ്റ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കശ്​മീരില്‍ ഭരണകൂടം കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും രാഷ്ട്രീയ നേതാക്കളെ തടഞ്ഞുവെക്കുകയും മുഴുവന്‍ ആശയവിനിമയ സേവനങ്ങളും നിരോധിക്കുകയും ചെയ്തിരുന്നു.

കുറച്ചു ദിവസങ്ങൾക്ക് മുൻപ് കശ്​മീരിലെ ഏതാനും മേഖലകളില്‍ ടു ജി ഇന്‍റര്‍നെറ്റ്​ സേവനങ്ങള്‍ പുനഃസ്ഥാപിച്ചെങ്കിലും ബുഡ്ഗാം, ഗന്ധര്‍ബാല്‍, ബാരാമുല്ല, ശ്രീനഗര്‍, കുല്‍ഗാം, അനന്ത്നാഗ്, ഷോപിയന്‍, പുല്‍വാമ ജില്ലകളില്‍ മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചത്​ തുടരുകയാണ്.

Content highlights: using the internet in Kashmir is to watch porn movies says V K Saraswat, Member of the Niti Aoyog