കൊല്ലം അഞ്ചലിനടുത്ത് ഏരൂർ പത്തടിയിൽ വ്യാജവൈദ്യൻ നൽകിയ മരുന്നു കഴിച്ച് നൂറോളം പേർ ചികിത്സ തേടി. മരുന്ന് കഴിച്ച പലരിലും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ അനുഭവപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ തെലങ്കാന സ്വദേശി ലക്ഷമൺ രാജ് എന്നയാൾക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇയാൾ ഒളിവിലാണ്.
മരുന്ന് കഴിച്ച പലർക്കും വൃക്ക, കരൾ രോഗങ്ങളാണ് ഗുരുതരമായി അനുഭവപ്പെട്ടത്. ഇവരെല്ലാം വിവിധ ആശുപത്രികളിൽ ചികിൽസ തേടുന്നുണ്ട്. കരപ്പന് ചികിൽസ തേടിയെത്തിയ കുട്ടിക്ക് മരുന്ന് കഴിച്ചതോടെ ആരോഗ്യം മോശമായി. തുടർന്ന് കുട്ടി അബോധാവസ്ഥയിലായതോടെ തിരുവനന്തപുരം ശിശുരോഗാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനു പിന്നാലെയാണ് വ്യാജ ഡോക്‌ടർക്കെതിരെ പരാതി ഉയർന്നത്. പത്ത് ദിവസത്തോളം മരുന്ന് കഴിച്ച കുട്ടിക്ക് പനിയും തളർച്ചയും അനുഭവപ്പെടുകയും ശരീരത്തിൽ തടിപ്പും പാടുകളും പ്രത്യക്ഷപ്പെടുകയും ചെയ്‌തതോടെയാണ് ആശുപത്രിയിലെത്തിയത്.
കരപ്പന് പ്രതിവിധിയെന്നോണം കുട്ടി കഴിച്ച മരുന്നിൽ അനുവദനീയമായ അളവിൻറെ 20 മടങ്ങിലധികം മെർക്കുറി ചേർന്നതായി മെഡിക്കൽ പരിശോധനയിൽ കണ്ടെത്തി. വ്യാജവൈദ്യനായെത്തിയ ലക്ഷമൺ രാജ് പ്രദേശത്തെ നൂറോളം വീടുകളിൽ മരുന്നു നൽകിയതായാണ് റിപ്പോർട്ട്.
കൂടുതൽ ആളുകളെ ആകർഷിക്കാൻ സൗജന്യമായും ഇയാൾ മരുന്ന് നൽകിയിരുന്നു. രോഗികളിൽ നിന്നും 5,000 രൂപമുതൽ 20,000 രുപവരെയാണ് ലക്ഷമൺ രാജ് ഫീസ് ഈടാക്കിയിരുന്നത്. ഇതിനോടകം 12 ലക്ഷത്തോളം രൂപയുടെ മരുന്നുകൾ ഇവിടെ വിറ്റതായി നാട്ടുകാർ വ്യക്തമാക്കുന്നുണ്ട്.
Content highlight: Hundreds of people hospitalized after taking fake doctor’s medicine