ഡിസംബർ 26 നുണ്ടായ വലയ സൂര്യഗ്രഹണം നഗ്നനേത്രങ്ങൾ കൊണ്ട് നോക്കിയ 15 കൗമാരക്കാർക്ക് കാഴ്ച നഷ്ടപ്പെടുന്നതായി റിപ്പോർട്ട്. ജയ്പൂർ എസ്എംഎസ് ഹോസ്പിറ്റലിലെ ഒഫ്താൽമോളജി വിഭാഗം മേധാവി കമലേഷ് ഖിൽനാനിയാണ് നഗ്നനേത്രങ്ങൾ കൊണ്ട് വലയ സൂര്യഗ്രഹണം കണ്ട 10 നും 20 നും വയസിനിടയിൽ പ്രായമുള്ള കൗമാരക്കാരുടെ കാഴ്ച ശക്തിക്ക് തകരാർ സംഭവിച്ചതായി വ്യക്തമാക്കിയത്.
15 പേരുടെ കാഴ്ചയ്ക്കാണ് തകരാർ സംഭവിച്ചതെന്നാണ് ഡോക്ടർമാർ പറയുന്നത്. ഒപിഡി വിഭാഗത്തിൽ ഇവർ ചികിത്സ തേടിയെന്നും ഇവരുടെ സാധാരണ രീതിയിലുള്ള കാഴ്ച തിരികെ ലഭിക്കാൻ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.
‘സൂര്യഗ്രഹണം നഗ്നനേത്രങ്ങൾകൊണ്ട് കാണുന്നത് സോളാർ റെറ്റിനൈറ്റിസിന് കാരണമാകും. അത്തരം 15 കേസുകൾ ആശുപത്രിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ പരിശോധനയിൽ അവരുടെ റെറ്റിനയുടെ ഒരു ഭാഗത്തിന് പൊള്ളലേറ്റതായി കണ്ടെത്തി,’ ഡോക്ടർ കമലേഷ് ഖിൽനാനി പറഞ്ഞു.
രോഗികൾക്ക് ഭാഗികമായ ആശ്വസം ലഭിക്കണമെങ്കിൽ മൂന്നു മുതൽ ആറ് ആഴ്ചവരെ എടുക്കുമെന്നും ഡോക്ടർമാർ പറയുന്നു. നൂറ്റാണ്ടിലെ ഏറ്റവും വലിയ വലയ സൂര്യഗ്രഹണം ഡിസംബർ 26നായിരുന്നു ദൃശ്യമായത്. നഗ്ന നേത്രങ്ങൾകൊണ്ട് ഈ സമയത്ത് സൂര്യനെ കാണരുതെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.
Content highlights:15 teens who lose sight of watching the December 26 solar eclipse with naked eyes


