ആന്ധ്രപ്രദേശിന് മൂന്ന് തലസ്ഥാനങ്ങൾ കൊണ്ടുവരാനുള്ള ബില്ല് നിയമസഭ പാസാക്കി. ടിഡിപി അംഗങ്ങൾ ബഹിഷ്കരിച്ചതിനെ തുടർന്ന് ശബ്ദ വോട്ടെടുപ്പിലൂടെയാണ് ബില്ല് പാസാക്കിയത്. വിശാഖപട്ടണം, അമരാവതി, കുർണൂൽ എന്നിവയായിരിക്കും ഇനി ആന്ധ്രപ്രദേശിന്റെ തലസ്ഥാനങ്ങളാകുന്നത് .
കഴിഞ്ഞ ദിവസം ആന്ധ്രപ്രദേശിന് മൂന്ന് തലസ്ഥാനം അനുവദിക്കുന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. അമരാവതിയിൽ നിന്ന് തലസ്ഥാനം മാറ്റുന്നതിലുള്ള എതിർപ്പ് രൂക്ഷമായി തുടരുന്നതിനിടെയാണ് ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകിയത്. കര്‍ഷകരായിരുന്നു തുടക്കത്തില്‍ മൂന്ന് തലസ്ഥാനം എന്ന പ്രഖ്യാപനത്തിനെതിരെ സമരവുമായി രംഗത്തെത്തിയത്. പിന്നീട് പ്രതിപക്ഷകക്ഷികളും പ്രക്ഷോഭം ഏറ്റെടുക്കുകയായിരുന്നു. അമരാവതിയെ പ്രത്യേക തലസ്ഥാന പ്രദേശമായി പ്രഖ്യാപിച്ച 2014 ലെ ചട്ടം റദാക്കി കൊണ്ടാണ് ജഗന് മോഹന്‍ റെഢി മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കിയത്.
ഇനി നിയമനിര്‍മാണസഭ അമരാവതിയിലും സെക്രട്ടേറിയറ്റ് വിശാഖപ്പടണത്തും ഹൈക്കോടതി കുര്‍ണൂലിലും ആയിരിക്കും. അമരാവതിയില്‍ ഏക്കറുകണക്കിന് ഭൂമി കര്‍ഷകരില്‍ നിന്നും ഏറ്റെടുത്താണ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായ്ഡു തലസ്ഥാനനഗരത്തിന്റെ നിര്‍മ്മാണം തുടങ്ങിയത്. നിലവില്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണങ്ങളടക്കം ഇപ്പോള്‍ പാതിവഴിയില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
content highlights: andhra pradesh assembly passes bill to establish three capitals








