മൃഗങ്ങളെ പോലെ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകുന്നത് രാജ്യത്തിന് ദോഷകരമാണെന്ന പ്രസ്താവനയുമായി യുപി ഷിയ വഖഫ് ബോർഡ് ചെയർമാൻ വസീം റിസ്‍വി രംഗത്തെത്തി. രാജ്യത്ത് ജനസംഖ്യാ പ്രശ്നം പരിഹരിക്കുന്നതിന് പ്രത്യേക നയരൂപീകരണം വേണമെന്ന ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിന്‍റെ ആശയത്തെ പിന്തുണച്ചു കൊണ്ടാണ് വസീം പ്രസ്താവന നടത്തിയത്.
‘പ്രസവിക്കുന്നത് ഒരു സ്വാഭാവിക പ്രക്രീയയാണെന്നും അതിൽ ഇടപെടരുതെന്നുമാണ് ചിലർ വിശ്വസിക്കുന്നത്. മൃഗങ്ങളെപ്പോലെ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകുന്നത് സമൂഹത്തിനും രാജ്യത്തിനും ദോഷകരമാണ്. ജനസംഖ്യ നിയന്ത്രിക്കാൻ ഒരു നിയമം നടപ്പിലാക്കിയാൽ അത് നന്നായിരിക്കും’ റിസ്‍വി മാധ്യമങ്ങളോട് പറഞ്ഞു.
ജനസംഖ്യ വർധനവ് പ്രശ്നമാണെന്നും അത് നിയന്ത്രിക്കാൻ ഒരു നയം തയ്യാറാക്കേണ്ടതുണ്ടെന്നുമുള്ള ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിൻറെ പ്രസ്താവനക്ക് പിന്നാലെയാണ് ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട് പ്രത്യേക നയമുണ്ടാക്കിയാൽ അത് രാജ്യത്തിന് ഗുണമാണെന്ന സമാന അഭിപ്രായവുമായി വസീം റിസ്‍വി മുന്നോട്ട് വന്നത്.
രാജ്യത്തെ മുസ്ലീങ്ങളെ എന്‍ആര്‍സി ബാധിക്കില്ലെന്നും മുസ്ലീം വോട്ടുകള്‍ ലക്ഷ്യം വെച്ചാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം നടത്തുന്നതെന്നും രാജ്യത്ത് മുഴവൻ എൻആർസി നടപ്പിലാക്കണമെന്നും വാദിച്ച നേതാവാണ് വസീം റിസ്‍വി. അയോധ്യ വിധിയെ വിവിധ മുസ്ലിം സംഘടനകൾ എതിർത്തപ്പോൾ വിധിയെ സ്വാഗതം ചെയ്തുകൊണ്ട് ക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകിയതും വാർത്തകളിൽ ഇടം നേടിയിരുന്നു.
Content highlights: giving birth to children like animals is harmful to the country says up Shia waqf board chairman Wasim Rizvi


