ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അവതരിപ്പിക്കാനുള്ള നയപ്രഖ്യാപന പ്രസംഗത്തിന് മന്ത്രിസഭ അംഗീകാരം നല്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ വിമര്‍ശനങ്ങളും നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ മാസം 29നാണ് ഗവര്‍ണര്‍ നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗം നടത്തുക. നിയമസഭാ സമ്മേളനം 30 ന് ചേരാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. അത് ഒരുദിവസം നേരത്തെയാക്കുവാനും മന്ത്രിസഭ അംഗീകാരം നല്കി.
നിയമത്തിന് എതിരെ സുപ്രീം കോടതിയെ സമീപിച്ചത് അടക്കമുള്ള കാര്യങ്ങള്‍ നയ പ്രഖ്യാപന പ്രസംഗത്തിൽ ഉണ്ടാകുമെന്നാണ് വിവരം. പൌരത്വനിയമം സംസ്ഥാനത്ത് നടപ്പാക്കണ്ട എന്ന് തീരുമാനിച്ചതിന് പിന്നാലെ അതിനെ ചോദ്യം ചെയ്ത് കൊണ്ട് സുപ്രീം കോടതിയെ സര്‍ക്കാര്‍ സമീപിച്ചതിനെതിരെ കടുത്ത വിമര്‍ശനമാണ് ഗവര്‍ണര്‍ ഉന്നയിച്ചത്.
ഗവര്‍ണരുടെ വിമര്‍ശനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഒരടി പോലും പിന്മാറിയില്ലെന്നതിന് തെളിവാണ് നയപ്രഖ്യാപന പ്രസംഗത്തില്‍ പൌരത്വ നിയമ ഭേദഗതിക്കെതിരായ സര്‍ക്കാര്‍ നിലപാട് ഉള്‍പ്പെടുത്തിയത്. പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ട പോലെ നിയമസഭയില്‍ പാസ്സാക്കിയ പ്രമേയത്തിലെ ഭാഗങ്ങള്‍ കൂടി അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ നയപ്രഖ്യാപന പ്രസംഗത്തിനാണ് മന്ത്രിസഭാ യോഗം ഇപ്പോള്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.
പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള അഭിപ്രായ ഭിന്നത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നയപ്രഖ്യാപന പ്രസംഗം സംബന്ധിച്ച് ഗവര്‍ണര്‍ സ്വീകരിക്കുന്ന നിലപാടില്‍ സര്‍ക്കാരിന് ആശങ്കയുണ്ട്. ഈ ആശങ്കകള്‍ നിലനില്‍ക്കുന്നതിനിടെയാണ് നയപ്രഖ്യാപന പ്രസംഗത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്.
Content Highlights: governor’s speech in assembly on January 29








