ജയ്‌സാല്‍മീര്‍ മരുഭൂമി മേള ഫെബ്രുവരി ഏഴു മുതല്‍ ആരംഭിക്കും

Jaisalmer Desert festival

രാജസ്ഥാൻറെ തനതായ സംസ്‌കാരം പുറം ലോകത്തെ അറിയിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മരുഭൂമി മേള ഫെബ്രുവരി ഏഴു മുതല്‍ ഒമ്പതു വരെ ജയ്‌സാല്‍മീര്‍ നഗരത്തില്‍ നിന്ന് 42 കിലോമീറ്റര്‍ അകലെയുള്ള സാം ഡ്യൂണ്‍സിൽ നടക്കും. രാജസ്ഥാന് പുറത്തു നിന്നുള്ള രാജസ്ഥാന് പുറത്തു നിന്നുള്ള വിനോദ സഞ്ചാരികളെ ലക്ഷ്യം വെച്ചുള്ള ആഘോഷമാണിത്. സംസ്‌കാരിത്തെക്കുറിച്ചും പഠിക്കുന്നവര്‍ക്കും മേള പ്രയോജനകരമായിരിക്കും.

നൂറു കണക്കിന് കലാകരന്‍മാരാണ് മരുഭൂമി മേളയില്‍ നടക്കുന്ന കലാപരിപാടിയില്‍ പങ്കെടുക്കുക. മാഘമാസത്തില്‍ പൂര്‍ണചന്ദ്രന്‍ ഉദിക്കുന്നതിന് മൂന്ന് ദിവസമാണ് മേള ആരംഭിക്കുക. എല്ലാ വര്‍ഷവും ഇതാണ് പിന്തുടരാറുള്ളത്.

ഇത്തവണ മേളയില്‍ ഇന്ത്യയിലെ ഏറ്റവും ശക്തിമത്തായ പോര്‍ വിമാനങ്ങള്‍ ജയ്‌സാല്‍മീറിൻറെ ആകാശത്ത് വര്‍ണവിസ്മയം തീര്‍ക്കും. മേളയ്ക്കു മുന്നോടിയായി ഫെബ്രുവരി ആറിന് ഹെറിടേജ് വാക്ക് സംഘടിപ്പിക്കുന്നുണ്ട്. ഇതില്‍ നൂറോളം പേര്‍ പങ്കെടുക്കും. രാജസ്ഥാൻറെ തനതായ നൃത്തരൂപമായ ഗൂമര്‍ ഡാന്‍സ്, ടര്‍ബന്‍ കെട്ടല്‍ മത്സരം, മീശ മത്സരം, മിസ്റ്റര്‍ ആൻ്റ് മിസ് ഡെസേര്‍ട്ട് സൗന്ദര്യമത്സരം തുടങ്ങിയവ നടക്കും.

മരുഭൂമിയിലെ കപ്പലായ ഒട്ടകത്തെ അലങ്കരിക്കല്‍ മത്സരം, ഓട്ടമത്സരം, ഒട്ടകത്തിലേറിയുള്ള പോളോ മത്സരം, ഒട്ടക ടാറ്റൂ ഷോ, തുടങ്ങി വിചിത്രമായ നിരവധി പരിപാടികളാല്‍ സമ്പുഷ്ടമായിരിക്കും ഈ വര്‍ഷത്തെ മരുഭൂമി മേള. സന്ദര്‍ശകര്‍ക്കായി ഡെസേര്‍ട്ട് സഫാരിയും ഒരുക്കിയിട്ടുണ്ടാകും. ഒട്ടകത്തിലേറിയും ജീപ്പിലുമൊക്കെയായി മരുഭൂമിയുടെ മണലിലൂടെ സഫാരി നടത്താം.

സമുദ്രം പോലെ അനന്തമായി കിടക്കുന്ന മണല്‍ കുന്നുകളും മരുപ്പച്ചകളും നൂറ്റാണ്ടുകള്‍ പഴക്കമുള്ള കോട്ടകളും കൊട്ടാരങ്ങളുമൊക്കെ മറ്റ് രാജസ്ഥാന്‍ നഗരത്തിലെന്ന പോലെ ജയ്‌സാല്‍മീറിൻറെയും പ്രത്യേകതയാണ്. പേര്‍ഷ്യന്‍ വാസ്തുശാസ്ത്ര വിദ്യയില്‍ പണിത കൊട്ടാരങ്ങളുടെ രൂപസാദൃശ്യമുള്ള ധാരാളം കെട്ടിടങ്ങളും ജയ്‌സാല്‍മീറിൻറെ സൗന്ദര്യം കൂട്ടുന്നു.

Content highlights: Jaisalmer Desert festival starts from 7th February onwards