ബംഗ്ലാദേശികളെ തിരിച്ചറിയാന്‍ അവരുടെ ആഹാരശീലം ശ്രദ്ധിച്ചാൽ മതി; ബിജെപി നേതാവ്

Kailash Vijayvargiya

ബംഗ്ലാദേശ് പൗരന്മാരെ തിരിച്ചറിയാൻ അവരുടെ ആഹാരരീതി ശ്രദ്ധിച്ചാൽ മതിയെന്ന് ബിജെപി നേതാവ് കൈലേഷ് വിജയവര്‍ഗീയ. പൗരത്വനിയമഭേദഗതിയെ പിന്തുണച്ചുകൊണ്ട് നടന്ന സെമിനാറില്‍ വെച്ചാണ് കൈലേഷ് ബംഗ്ലാദേശികളെയും രാജ്യത്തേക്കുള്ള അവരുടെ വരവിനെയും കുറിച്ച് സംസാരിച്ചത്.

തൻ്റെ വീട്ടിൽ ജോലിക്കെത്തിയവരിൽ കുറച്ചുപേർ ബംഗ്ലാദേശ് പൗരന്മാരായിരുന്നു. ഭക്ഷണം കഴിക്കുന്നത് ശ്രദ്ധയിൽ പെട്ടപ്പോഴാണ് തിരിച്ചറിയുന്നത് ഇവർ ബംഗ്ലാദേശുകാരാണെന്ന്. ഇവർ അവലിന് സമാനമായ ‘പൊഹ’ എന്ന വിഭവമാണ് കഴിച്ചിരുന്നത്. ഇത് ബംഗ്ലാദേശിൽ കാണുന്ന ഭക്ഷണമാണ്. ഇവരെ ജോലിക്ക് എത്തിച്ചവരോട് ഇക്കാര്യം സംസാരിച്ചപ്പോൾ ഈ സംഘം ബംഗ്ലാദേശിൽ നിന്നുള്ളവരാണെന്ന് മനസിലായെന്നും അന്വേഷണം നടത്തിയതോടെ അടുത്ത ദിവസം മുതൽ അവർ ജോലിക്ക് എത്തിയില്ല എന്നും കൈലേഷ് പറഞ്ഞു.

രാജ്യത്തിൻ്റെ സംരക്ഷണത്തിൻ്റെ ഭാഗമായിട്ടാണ് പൗരത്വനിയമം നടപ്പാക്കുന്നത്. നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കി യഥാർത്ഥ കുടിയേറ്റക്കാർക്ക് സംരക്ഷണം നൽകുകയാണ് സർക്കാർ ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബംഗ്ലാദേശിൽ നിന്നുള്ള തീവ്രവാദികൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി തന്നെ പിന്തുടരുകയാണ്. സുരക്ഷ ശക്തിപ്പെടുത്താൻ ആറ് ഉദ്യോഗസ്ഥരെയാണ് ഒപ്പം നിർത്തിയിരിക്കുന്നത്. പുറത്ത് നിന്നുള്ളവർ രാജ്യത്ത് എത്തി തീവ്രവാദം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Content highlights: caa bjp leader Kailash Vijayvargiya says identified Bangladeshi workers with their eating habit