ഫെബ്രുവരി 4 ന് സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക്

ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച് ഫെബ്രുവരി 4 ന് സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക് നടത്താൻ സംയുക്ത സമര സമിതി തീരുമാനിച്ചു. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കുക, മിനിമം ബസ് ചാര്‍ജ് 10 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമര സമിതി മുന്നോട്ട് വെയ്ക്കുന്നത്. എന്നാൽ വിഷയത്തില്‍ സർക്കാർ ചർച്ചയ്ക്ക് പോലും തയ്യാറാകുന്നില്ലെന്ന് സംയുക്തസമരസമിതി ആരോപിക്കുന്നു.

വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് ഒരു രൂപയില്‍ നിന്ന് അഞ്ച് രൂപയാക്കി വര്‍ധിപ്പിക്കണമെന്നും സ്വാശ്രയ കോളേജ് വിദ്യാർത്ഥികൾക്ക് കൺസെഷൻ അനുവദിക്കേണ്ട ആവശ്യമില്ലെന്നും ബസ് ഉടമകൾ പറയുന്നു. വിദ്യാർത്ഥികൾക്ക് കണ്‍സെഷന്‍ നല്‍കുന്നതിനുള്ള മാനദണ്ഡം പുതുക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഡീസൽ വില വർദ്ധന, ഇൻഷുറൻസ് പ്രീമിയത്തിലെ വർദ്ധന എന്നിവയാണ് ബസ് ചാർജ് വർദ്ധിപ്പിക്കണമെന്ന ആവശ്യത്തിന് കാരണമായി സംഘടനകൾ ചൂണ്ടി കാട്ടുന്നത്. സംസ്ഥാനത്തെ മുഴുവൻ ബസ് യൂണിയൻ സംഘടനകളും ഇതാദ്യമായാണ് ഒരുമിച്ച് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

content highlights: bus strike on February 4th