പൗരത്വ നിയമ ഭേദഗതിക്ക് എതിരെ ഇടയലേഖനം വായിച്ച് ലത്തീൻ സഭ

രാജ്യം എഴുപത്തിയൊന്നാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിനിടെ ഞായറാഴ്ച കുർബാനയിൽ പൗരത്വ നിയമ ഭേദഗതിക്ക് എതിരെ ഇടയലേഖനം വായിച്ച് ലത്തീൻ സഭ. രാജ്യത്തെ വിഭജിക്കുക എന്ന വലിയ കുറ്റകൃത്യമാണ് പൗരത്വ ഭേദഗതി നിയമത്തിലൂടെ നടക്കുന്നതെന്ന് സഭയുടെ ഇടയ ലേഖനത്തിൽ പറയുന്നു. ഞായറാഴ്ച കുര്‍ബാന മധ്യേയാണ്‌ ലത്തീന്‍ കത്തോലിക്ക പള്ളികളില്‍ ഇടയലേഖനം വായിച്ചത്‌. മതേതര ഇന്ത്യയ്ക്കായി ഭരണഘടന സംരക്ഷിക്കാന്‍ യോജിച്ച പോരാട്ടത്തിന് ഇറങ്ങണമെന്നും ഭാരത് മാതാ കീ ജയ് എന്നതായിരിക്കണം നമ്മുടെ മുദ്രാവാക്യമെന്നും ലേഖനത്തില്‍ പറയുന്നു.

രാജ്യത്തെ വിഭജിക്കുക എന്ന വലിയ കുറ്റകൃത്യമാണ് ഈ നിയമത്തിലൂടെ നടക്കുന്നത്. ഇത് മുസ്ലീങ്ങളുടെ മാത്രം പ്രശ്‌നമല്ല, രാജ്യത്തെ സര്‍വജനങ്ങളുടെയും പ്രശ്‌നമാണെന്നും ലേഖനത്തിലുണ്ട്. പൗരത്വ നിയമ ഭേദഗതിയുടെ ആന്തരിക അര്‍ഥങ്ങളും രാജ്യം ഭരിക്കുന്നവരുടെ പ്രസ്താവനകളും വിലയിരുത്തുമ്പോള്‍ മത രാഷ്ട്രത്തിലേക്കുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നതെന്നും ലത്തീന്‍ കത്തോലിക്ക സഭയുടെ ലേഖനത്തില്‍ പറയുന്നു. ജനുവരി 26-ന് ഭരണഘടന സംരക്ഷണ ദിനമായി ആചരിക്കാന്‍ ലത്തീന്‍ കത്തോലിക്ക സഭ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിൻ്റെ ഭാഗമായാണ് ഇടയലേഖനവും വായിച്ചത്.

Content Highlight; latin catholic archdiocese read letter