പൗരത്വ നിയമത്തിനെതിരെ കൈകൾ കോർത്ത് എൽഡിഎഫ്; മനുഷ്യമഹാശൃംഖല ഇന്ന്.

ഭരണഘടനാ സംരക്ഷണം ഉയർത്തി എൽഡിഎഫ് ഇന്ന് കാസർകോട് മുതൽ കളിയിക്കാവിള വരെ മനുഷ്യശൃംഘല തീർക്കും. എഴുപത് ലക്ഷം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.

പൗരത്വ വിഷയത്തിലൂന്നിയുള്ള കേന്ദ്രവിരുദ്ധ ശൃംഖലയിൽ യുഡിഎഫ് അണികളും പങ്കെടുക്കുമെന്നാണ് ഇടതു മുന്നണിയുടെ അവകാശവാദം. പൗരത്വ നിയമ ഭേദഗതിയെ തുടര്‍ന്ന് സംസ്ഥാനത്ത് രൂപപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ വികാരത്തിന് രാഷ്ട്രീയ രൂപം നല്‍കുകയാണ് സിപിഎമ്മിൻ്റെയും ഇടതു മുന്നണിയുടെയും ഉദ്ദേശം.

ഗവർണ്ണറുമായി ഏറ്റുമുട്ടൽ തുടരുമ്പോഴും രാജ്ഭവന് മുന്നിൽ ശൃംഖല എത്തില്ല. കാസർകോട് എസ് രാമചന്ദ്രൻ പിള്ള മനുഷ്യശൃംഘലയിലെ ആദ്യ കണ്ണിയാകും.

രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ പിണറായി വിജയനും കാനം രാജേന്ദ്രനും ശൃഖലയിൽ കണ്ണിചേരും കളിയിക്കാവിളയിൽ എംഎ ബേബി ശൃംഖലയിൽ അവസാന കണ്ണിയാകും. ബിജെപി വിരുദ്ധരെല്ലാം രാഷ്ടീയം മറന്ന് ഒന്നിക്കണമെന്നാണ് സിപിഎം ആഹ്വാനം.

മുമ്പെങ്ങുമില്ലാത്ത മുന്നൊരുക്കമാണ് മനുഷ്യചങ്ങലയ്ക്ക് ഇടതുമുന്നണി നടത്തിയത്. സംസ്ഥാന വ്യാപകമായി 3500 പ്രാദേശിക പ്രചാരണ യോഗങ്ങളാണ് സംഘടിപ്പിച്ചത്. ഇതില്‍ എഴുപതു ലക്ഷത്തോളം പേര്‍ പങ്കെടുത്തെന്ന് എല്‍ഡിഎഫ് പറയുന്നു. ഇവര്‍ക്ക് പുറമെ രാഷ്ട്രീയമായി നിഷ്പക്ഷത പുലര്‍ത്തുന്ന നിരവധി പേരും മനുഷ്യചങ്ങല ഉന്നയിക്കുന്ന വിഷയത്തിൻ്റെ പ്രാധാന്യം മൂലം പങ്കാളികളാകുമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ.