വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം സ്കൂളുകളില്‍ ഭരണ ഘടനയുടെ ആമുഖം വായിക്കുന്നത് നിര്‍ബന്ധമാക്കി മധ്യപ്രദേശ് സര്‍ക്കാര്‍. ആഴ്ചയിലെ എല്ലാ ശനിയാഴ്ചയും പ്രാര്‍ത്ഥനയ്ക്ക് ശേഷം എല്ലാ പ്രൈമറി, മിഡില്‍ സ്കൂളുകളിലെയും ഹെഡ് മാസ്റ്റര്‍ അല്ലെങ്കില്‍ ഏതെങ്കിലും അധ്യാപകന് ഭരണഘടനയുടെ ആമുഖം വായിക്കും. പിന്നീട് ഇത് വിദ്യാര്‍ത്ഥികളും ഏറ്റുചൊല്ലണം. ഇതാണ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങളുടെ പശ്ചാതലത്തിലാണ് ഇരുസംസ്ഥാന സര്‍ക്കാരുകളുടെയും തീരുമാനം.
കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ സ്കൂളുകളില്‍ ഭരണഘടനാ ആമുഖം വായിക്കാന്‍ ഉത്തരവിട്ടത്. ഇതിന് പിന്നാലെയാണ് മധ്യപ്രദേശും സമാന തീരുമാനമെടുത്തത്. ഇതു സംബന്ധിച്ച് മധ്യപ്രദേശ് സ്കൂള്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെൻ്റാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഇതുപ്രകാരം, എല്ലാ സര്‍ക്കാര്‍ വിദ്യാലയങ്ങളിലും ആമുഖം വായിക്കല്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. രാജ്യം 71ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ പലയിടങ്ങളിലും ഭരണഘടനാ ആമുഖം വായിച്ചായിരുന്നു ആഘോഷം.