മുംബൈ ഇനി ‘ഉറങ്ങാത്ത നഗരം’; പദ്ധതിക്ക് തുടക്കമായി

Mumbai, a city that never sleeps

മുംബൈയ്ക്ക് ഇനി ഉറക്കമില്ലാത്ത രാത്രികള്‍. ഇന്നലെ രാത്രി മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആദ്യ ഇന്ത്യന്‍ നഗരമായി മുംബൈ മാറി. മഹാവികാസ് അഘാഡി സര്‍ക്കാരിൻറെ തീരുമാനപ്രകാരം ഷോപ്പിങ് മാളുകള്‍, ഭക്ഷണശാലകള്‍, തിയറ്ററുകള്‍ എന്നിവയ്ക്ക് ദിവസം മുഴുവന്‍ തുറന്നു പ്രവര്‍ത്തിക്കാം.

ദീര്‍ഘനാളത്തെ ചർച്ചകള്‍ക്ക് ശേഷമാണ് ടൂറിസം മന്ത്രി ആദിത്യ താക്കറെയുടെ ‘ഉറങ്ങാത്ത നഗരം’ പദ്ധതിക്ക് തുടക്കമായത്. ഇന്ത്യയുടെ മഹാനഗരം ഇനി മുതൽ ഇരുട്ടിലാകില്ല. ആദ്യഘട്ടത്തില്‍ താമസിക്കാൻ കഴിയാത്ത മേഖലകളിലെ മാളുകള്‍, കടകൾ, റസ്റ്ററൻ്റുകൾ, തിയറ്ററുകൾ എന്നിവയ്ക്കാണ് 24 മണിക്കൂർ പ്രവർത്തനാനുമതി നൽകിയത്. ബാറുകളും പബ്ബുകളും രാത്രി ഒന്നര വരെ പ്രവർത്തിക്കും.

ബിജെപിയുടെ കടുത്ത എതിര്‍പ്പുണ്ടെങ്കിലും കൂടുതൽ തൊഴിലവസരവും അധിക വരുമാനവും പ്രതിപക്ഷത്തിൻറെ വായടപ്പിക്കുമെന്നാണ് സർക്കാറിൻറെ പ്രതീക്ഷ. പ്രമുഖ ഷോപ്പിങ് മാളുകളും ഫാസ്റ്റ് ഫുഡ് ശൃംഖലകളും പദ്ധതിയുമായി സഹകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പദ്ധതിയെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയാണ് മുംബൈക്കാര്‍. പദ്ധതി വിദേശ വിനോദ സഞ്ചാരികളെ കൂടുതല്‍ ആകർഷിക്കുമെന്നതാണ് വലിയ പ്രത്യേകത.

Content highlights: Mumbai, a city that never sleeps