പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചവരില്‍ ഭൂരിഭാഗവും ബംഗ്ലാദേശികളും പാകിസ്ഥാനികളുമെന്ന് ബിജെപി നേതാവ് രാഹുല്‍ സിന്‍ഹ

BJP National Secretary Rahul sinha

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരില്‍ ഭൂരിഭാഗവും ബംഗ്ലാദേശികളും പാകിസ്ഥാനികളുമാണെന്ന് ബിജെപി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹയുടെ പരാമർശം.

ഷഹീൻ ബാഗിലും പാർക്ക് സർക്കസിലും ഇരിക്കുന്നവരിൽ ഭൂരിഭാഗവും ബംഗ്ലാദേശിൽ നിന്നും പാകിസ്ഥാനിൽ നിന്നുമുള്ള നുഴഞ്ഞുകയറ്റക്കാരാണെന്നും അതിനാൽ ഷഹീന്‍ ബാഗിലും, കൊല്‍ക്കത്തയിലുമെല്ലാം നടന്ന പൗരത്വ ഭേദഗതി പ്രതിഷേധത്തിൽ ഭൂരിഭാഗവും ബംഗ്ലാദേശില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള കുടിയേറ്റക്കാരാണ് പങ്കെടുത്തത്. കുട്ടികളെയും സ്ത്രീകളെയും ഉപയോഗിച്ചുകൊണ്ടാണ് അവര്‍ പ്രതിഷേധിക്കുന്നത്. ഇന്ത്യയെ ഭിന്നിപ്പിച്ച് അസമിനെ തകര്‍ക്കാന്‍ അവര്‍ ആഗ്രഹിക്കുന്നുവെന്ന് അടുത്തിടെ പുറത്തുവന്ന വീഡിയോയില്‍ നിന്ന് വ്യക്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ ഭിന്നിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിക്കാന്‍ ഇവിടുത്തെ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ടോ എന്നും ഷഹീൻ ബാഗിലേക്ക് പോയ നേതാക്കളോട്, രാഷ്ട്രത്തെ തകർക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നവരെ പിന്തുണയ്ക്കാൻ നിങ്ങൾ അവിടെ പോയിരുന്നോ എന്നുള്ള ചോദ്യങ്ങൾ ഉന്നയിക്കുകയുണ്ടായി.

പൗരത്വ നിയമത്തിനെതിരെയുള്ള പ്രമേയം സംസ്ഥാന നിയമസഭയിൽ പാസാക്കിയതിന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ സർക്കാരിനെ സിൻഹ ആക്ഷേപിക്കുകയുണ്ടായി. പ്രമേയത്തെ പിന്തുണച്ചതിന് കോൺഗ്രസിനെയും സിപിഎമ്മിനെയും ആക്ഷേപിച്ച അദ്ദേഹം ഹിന്ദു അഭയാർഥി കുടുംബങ്ങളെ സന്ദർശിച്ച് ഈ പാർട്ടികളെക്കുറിച്ചുള്ള സത്യം തൻറെ പാർട്ടി തുറന്നുകാട്ടുമെന്നും കൂട്ടിച്ചേർത്തു.

രാജ്യത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം തുടരുകയാണ്. നിയമം പിന്‍വലിക്കും വരെ സമരം തുടരുമെന്ന ഉറച്ച നിലപാടിലാണ് പ്രതിഷേധക്കാര്‍.

Content highlights: Majority of the people sitting in protest against CAA in Shaheen Bagh, Delhi and Park Circus, Kolkata are from Bangladesh and Pakistan says Rahul Sinha