നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമത്തിനെതിരായ വിമര്‍ശനങ്ങള്‍ വായിച്ച് ഗവര്‍ണര്‍

Governor Arif Mohammad Khan In Kerala Assembly

നിയമസഭ നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമത്തിനെതിരായ വിമര്‍ശനങ്ങള്‍ വായിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിയോജിപ്പുണ്ടെങ്കിലും മുഖ്യമന്ത്രിയെ ബഹുമാനിച്ച് വായിക്കുന്നുവെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. 

ഗവര്‍ണര്‍ നിയമസഭയിലേക്ക് പ്രവേശിക്കും മുമ്പ് പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷാംഗങ്ങള്‍ നിയമസഭയിലെ നടുത്തളത്തിലിറങ്ങി രംഗങ്ങൾ സൃഷ്ടിച്ചു. നിയമസഭയിലുള്ള വാച്ച് ആൻ്റ് വാര്‍ഡ്, പ്രതിഷേധിച്ച എംഎല്‍എമാരെ നീക്കുകയും അവർ നയപ്രഖ്യാപനം ബഹിഷ്‌കരിച്ചുകൊണ്ട് നിയമസഭ വിട്ടിറങ്ങുകയും ചെയ്‌തു. 

കേരള നിയമസഭയുടെ ആദ്യ പേപ്പര്‍ രഹിത സമ്മേളനമാണ് ഇന്ന് തുടക്കം കുറിച്ചത്. നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമത്തിനെതിരെ വിമര്‍ശനമുള്ള 18ാം പാരഗ്രാഫ് വായിക്കില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു. നയപ്രഖ്യാപനത്തിന് ഗവര്‍ണറെ സ്പീക്കര്‍ സ്വാഗതം ചെയ്യുമ്പോള്‍തന്നെ ഗവര്‍ണര്‍ക്കെതിരെ പ്രതിപക്ഷം ഗോ ബാക്ക് വിളികള്‍ ഉയർത്തിയിരുന്നു.

ഉന്തും തള്ളും സംഘര്‍ഷവും നടന്ന സാഹചര്യത്തില്‍ അത്യന്തം നാടകീയ രംഗങ്ങൾ അരങ്ങേറിയിരുന്നു. ശക്തമായ പ്രതിഷേധവുമായെത്തിയതിനെ തുടര്‍ന്ന്  വാച്ച് ആൻ്റ് വാര്‍ഡിനെ വിളിക്കുകയും നടുത്തളത്തില്‍ കിടന്ന് പ്രതിഷേധിച്ച അന്‍വര്‍ സാദത്തിനെ വാച്ച് ആൻ്റ് വാര്‍ഡ് എടുത്തുകൊണ്ടു പോക്കുകയും ചെയ്‌തു. 

Content highlights: Opposition Party Blocked Governor Arif Mohammad Khan In Kerala Assembly Today