ഇന്ന് ഗാന്ധിജിയുടെ 72-ാം രക്തസാക്ഷി ദിനം

72nd death anniversary of Mahatma Gandhi

സത്യത്തിനും അഹിംസക്കും സ്വാതന്ത്ര്യത്തിനും വേണ്ടി സ്വന്തം ജീവൻ തന്നെ സമർപ്പിച്ച നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 72-ാം രക്തസാക്ഷി ദിനമാണ് ഇന്ന്. ഭാരത്തിൻ്റെ ഹ്യദയം തകർന്ന ദിനം.

അഹിംസയിലൂന്നിയ സത്യഗ്രഹ സമരത്തിലൂടെ ലോകമെമ്പാടും ശ്രദ്ധേയനായ ഗാന്ധി ഒരു രാഷ്ട്രീയകാരൻ എന്നതിലുപരി ഒരു ലോക നേതാവ് കൂടിയായിരുന്നു.
നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും കഷ്ടപ്പെടുന്ന ജനസമൂഹത്തിനും സ്വയം സമർപ്പിതമായ വ്യക്തിത്വം. ഗാന്ധിജി എന്ന ധീരനായ നേതാവിലൂടെ മാത്രമാണ് ഇന്ന് ഇന്ത്യ ബ്രിട്ടീഷകാരുടെ കെെകളിൽ നിന്ന് സ്വതന്ത്രമായി നിൽക്കുവാൻ സാധിക്കുന്നതു പോലും. തന്‍റെ ജീവിതം കൊണ്ട് ലോകത്തിനായി ഒട്ടേറെ സന്ദേശങ്ങൾ അദ്ദേഹം കരുതിവച്ചു. എൻ്റെ ജീവിതമാണ് എൻ്റെ സന്ദേശം എന്ന് പറഞ്ഞ ഗാന്ധി സ്വന്തം ജീവിതം കൊണ്ട് തന്നെ ആ വാക്കുകൾക്ക് അർത്ഥം നൽകി.

ആ വെളിച്ചം അണഞ്ഞു, രാജ്യം മുഴുവൻ അന്ധകാരമാണ് -ഗാന്ധിജിയുടെ മരണശേഷം നെഹ്‌റു വികാരാധീനനായി റേഡിയോയിലൂടെ പറഞ്ഞ വാക്കുകളാണിത്. 1948 ജനുവരി 30ന് നാഥുറാം വിനായക് ഗോഡ്‌സെ എന്ന ഹിന്ദുത്വവാദിയുടെ തോക്ക് ഗാന്ധിജിയുടെ ജീവനെടുത്തു. ജനങ്ങളെ കാണുവാൻ മെെതാനത്തിലേക്ക് പോയ ഗാന്ധിയെ ബെറെറ്റ പിസ്റ്റൾ കൊണ്ട് മൂന്ന് വെടിയുണ്ടകളുതിർത്ത് ആ മത ഭ്രാന്തൻ കൊല്ലുകയായിരുന്നു.
ഹേ റാം എന്ന് വിളിച്ചുകൊണ്ട് ഗാന്ധിജി നിലത്തു വീണു പിടഞ്ഞു. തൊട്ടടുത്ത ബിർള ഹൗസിലേക്ക് മാറ്റുമ്പോഴേക്കും അദ്ദേഹം ജീവന്‍ വെടിഞ്ഞിരുന്നു.

നാഥുറാം വിനായക് ഗോഡ്സെ, നാരായൺ ആപ്തെ, വിഷ്ണു കർക്കറെ, വി.ഡി. സവർക്കർ, മദൻലാൽ പഹ്വ, ഗോപാൽ ഗോഡ്സെ, ദത്താത്രേയ പര്‍ച്ചുറേ എന്നിവരായിരുന്നു കേസിലെ പ്രതികൾ. മഹാരാഷ്ട്രയിലെ പൂനെയിൽ ജനിച്ച ഗോഡ്സെ ഹിന്ദു മഹാസഭയുടെയും പിന്നീട് ആര്‍എസ്എസിന്‍റെയും പ്രവർത്തകനായിരുന്നു. 1940കളിൽ ഗോഡ്സെ ഹിന്ദു രാഷ്ട്ര ദൾ എന്ന ഭീകരസംഘടനക്ക് രൂപം നൽകി. ഗാന്ധിജിയാണ് ഇന്ത്യ വിഭജനത്തിന് കാരണക്കാരൻ എന്ന് ഉറച്ചു വിശ്വസിച്ചിരുന്നു ഇവര്‍.

“ഒരിക്കൽ നമ്മള്‍ അധികാരത്തിൽ വരുമ്പോൾ ഭാരതം സമ്പൂർണ ഹിന്ദുരാജ്യം ആക്കും. ആ ഹിന്ദു രാഷ്ട്രത്തിലെ ഗംഗയിൽ മാത്രമേ എന്റെ ചിതാഭസ്മം നിമഞ്ജനം ചെയ്യാവൂ, സ്മാരകം നിർമ്മിക്കാവൂ” -ഇത് ഗോഡ്‌സെയുടെ അവസാന വാക്കുകളാണ്. മതത്തിൻ്റെ പേരിൽ രാജ്യത്ത് നിന്നു തന്നെ ജനങ്ങൾ പുറത്താക്കപ്പെടുന്ന ഈ കാലത്ത് ഗാന്ധിയെ പോലെയുളള ഒരു നേതാവിനെ നാം വീണ്ടും സ്മരിക്കണ്ടിയിരിക്കുന്നു.

content highlights: 72nd death anniversary of Mahatma Gandhi