ഇടിവെട്ട് നിറങ്ങളും സ്റ്റിക്കറുകളും ഒട്ടിച്ച് പരസ്പരം മത്സരിക്കുന്ന ടൂറിസ്റ്റു ബസുകൾക്ക് വിലക്ക്. സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്കെല്ലാം ഏകീകൃത നിറം സംസ്ഥാന സർക്കാർ ഏർപ്പെടുത്തി. ചിത്രപ്പണികളും ചമയങ്ങളും പരിധി ലംഘിച്ചതിനെ തുടർന്നാണ് ടൂറിസ്‌റ്റ് ബസുകൾക്ക് ഏകീകൃത നിറം നിശ്‌ചയിച്ചത്. പുറം ബോഡിയില്‍ വെള്ളയും മധ്യഭാഗത്ത് കടുംചാരനിറത്തിലെ വരയുമാണ് അനുവദിച്ചിരിക്കുന്നത്. കൂടാതെ മുന്‍വശത്ത് ടൂറിസ്റ്റ് എന്നുമാത്രമേ എഴുതാന്‍ പാടുള്ളു. ബസ്സ് ഓപ്പറേറ്ററുടെ പേര് പിന്‍വശത്ത് പരമാവധി 40 സെന്റീമീറ്റര്‍ ഉയരത്തില്‍ എഴുതാം.
ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ആര്‍. ശ്രീലേഖ അദ്ധ്യക്ഷയായ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടേതാണ് (എസ്.ടി.എ.) തീരുമാനം. പുതിയതായി രജിസ്റ്റര്‍ ചെയ്യുന്ന ബസുകളും ഫിറ്റ്നസ് പരിശോധനയ്ക്ക് ഹാജരാക്കുന്നവയും നിയമാനുസൃതമായ നിറത്തിലേക്ക് മാറണം. ചാരനിറത്തിലെ വരയ്ക്ക് പത്ത് സെന്റീമീറ്റര്‍ വീതിയാണ് അനുവദിച്ചിട്ടുള്ളത്.
വിനോദയാത്രയ്ക്കുള്ള ബസുപയോഗിച്ച് അഭ്യാസപ്രകടനം നടത്തിയതും ലേസർ ലൈറ്റുകൾവരെ ഘടിപ്പിച്ച് ഉള്ളിൽ ഡാൻസ് ഫ്‌ളോറുകൾ സജ്ജീകരിച്ചതും പരാതികൾക്കിടയാക്കിയിരുന്നു. ബസുടമകളുടെ സംഘടന തന്നെ ഏകീകൃത നിറം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ട്രാൻസ്പോർട്ട് കമീഷണർക്ക് നേരത്തെ നിവേദനവും നൽകിയിരുന്നു.
content highlights: all tourist buses should follow unified color mandatory