വ്യാജ വീഡിയോ പ്രചരിപ്പിച്ചു; അമിത് ഷാക്കെതിരെ നൂറ് കോടി രൂപയുടെ മാനനഷ്ടക്കേസ്

100 crore defamation suit against amit shah

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്കെതിരെ നൂറ് കോടി രൂപയുടെ മാനനഷ്ടക്കേസ് ഉടന്‍ നല്‍കുമെന്ന മുന്നറിയിപ്പ് നല്‍കി ആം ആദ്മി പാര്‍ട്ടി രാജ്യസഭാംഗം സഞ്ജയ് സിങ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് 48 മണിക്കൂർ തെരഞ്ഞെടുപ്പ് പ്രചാരണ നിരോധനം ഏർപ്പെടുത്തണമെന്നും ആം ആദ്മി പാർട്ടി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ഡല്‍ഹിയിലെ സർക്കാർ സ്‌കൂളുകളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വ്യാജ വീഡിയോകൾ ബി.ജെ.പി നേതാക്കൾ പ്രചരിപ്പിച്ചതിനെതിരെ ആം ആദ്മി നേതാക്കളായ സഞ്ജയ് സിങ്ങും പങ്കജ് ഗുപ്തയുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.

ബി.ജെ.പി എം.പിമാരായ ഗൌതം ഗംഭീർ, പർവേഷ് വർമ, ഹാൻസ് രാജ് ഹാൻസ് തുടങ്ങിയവർ പ്രചരിപ്പിച്ച വ്യാജ വീഡിയോകൾ ഡല്‍ഹി സർക്കാർ സ്കൂളുകളെ കുറിച്ച് തെറ്റായ ചിത്രം ജനങ്ങൾക്ക് പകർന്നു നൽകുന്നതാണെന്ന് ആം ആദ്മി പാർട്ടി നൽകിയ പരാതിയിൽ പറയുന്നു. മൂന്ന് ബി.ജെ.പി എം.പിമാർക്കെതിരെയും ആം ആദ്മി നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ വ്യാജ വീഡിയോ ട്വിറ്ററില്‍ നിന്ന് നീക്കണമെന്നും അമിത് ഷായ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നുണ്ട്. ഡല്‍ഹിയിലെ സ്‌കൂളുകളെ മികവിൻ്റെ കേന്ദ്രങ്ങളാക്കി എന്നതായിരുന്നു ആംആദ്മി പാര്‍ട്ടിയുടെ പ്രധാന പ്രചരണായുധം. ഇതിനെ ചോദ്യം ചെയ്ത അമിത് ഷായോട് സ്‌കൂളുകള്‍ നേരിട്ട് സന്ദര്‍ശിക്കാനായിരുന്നു കെജ്രിവാളിൻ്റെ വെല്ലുവിളി.

ഇതിനു പിന്നാലെയാണ്, സ്‌കൂളുകള്‍ മോശം അവസ്ഥയിലാണെന്ന ആരോപണവുമായി അമിത് ഷാ ട്വിറ്ററിലൂടെ ഒരു വീഡിയോ പുറത്തുവിട്ടത്. കേന്ദ്ര ആഭ്യന്തരമന്ത്രി വ്യാജ വീഡിയോ പ്രചരിപ്പിക്കുകയും ഡല്‍ഹിയിലെ മുഴുവൻ വിദ്യാഭ്യാസ സമ്പ്രദായത്തെയും അപമാനിക്കുകയും ആണ് ചെയ്യുകയാണ്. ജനങ്ങളോടും വിദ്യാർഥികളോടും അധ്യാപകരോടും മാതാപിതാക്കളോടും അമിത് ഷാ മാപ്പ് പറയണമെന്നും ആം ആദ്മി നേതാവ് ആവശ്യപ്പെട്ടു. വ്യാജ വീഡിയോകൾ പങ്കുവെച്ചതിന് ഡല്‍ഹി സർക്കാർ സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ മാതാപിതാക്കൾ അമിത് ഷായ്‌ക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകുമെന്ന് സിങ് പത്രസമ്മേളനത്തിൽ പറഞ്ഞു.

Content Highlights:100 crore defamation suit against amit shah for sharing fake videos about Delhi government schools