കൂടത്തായി കൊലപാതക പരമ്പരയിലെ നാലാമത്തെ കുറ്റപത്രം താമരശേരി മുന്‍സിഫ് കോടതിയില്‍ സമര്‍പ്പിച്ചു. പൊന്നാമറ്റം ടോംതോമസിന്റെ ഭാര്യാ സഹോദരന്‍ മാത്യു മഞ്ചാടിയിലിനെ കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം. 2016 പേജുകളുള്ള കുറ്റപത്രത്തില്‍ 178 സാക്ഷികളാണുള്ളത്. ജോളിയമ്മ എന്ന ജോളിയാണ് കേസിലെ ഒന്നാം പ്രതി. എംഎസ് മാത്യു, പ്രജുകുമാര്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.
2014 ഫെബ്രുവരി 24ന് മാത്യു മഞ്ചാടിയിലിന് മദ്യത്തിലും കുടിവെള്ളത്തിലും ജോളി സയനൈഡ് കലര്‍ത്തി നല്‍കിയെന്നാണ് കുറ്റപത്രം പറയുന്നത്. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയി തോമസിന്റെ മരണത്തില്‍ മാത്യു സംശയം പ്രകടിപ്പിക്കുകയും പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന് ആവശ്യപ്പെട്ടതുമാണ് വിദ്വേഷത്തിന് കാരണം. വീട്ടില്‍ ആളില്ലാത്ത നേരം നോക്കി മാത്യുവിന്റെ വീട്ടില്‍ ജോളി എത്തുകയും മദ്യത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കുകയുമായിരുന്നുവെന്ന് റൂറല്‍ എസ്പി കെജി സൈമണ്‍ പറഞ്ഞു. ജോളിയുടെ ഇളയമകന്റെ രഹസ്യമൊഴിയാണ് കേസില്‍ നിര്‍ണായക തെളിവായത്.
കൊയിലാണ്ടി സിഐ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. കൂടത്തായി കൊലകേസിലെ മൂന്ന് കേസുകളില്‍ നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. റോയിയുടെ മാതാപിതാക്കളുടെ കൊലപാതകത്തിലെ രണ്ട് കേസുകളില്‍ കൂടിയാണ് ഇനി കുറ്റപത്രം നല്‍കാനുള്ളത്. ബാക്ഷി രണ്ടു കുറ്റപത്രങ്ങളും സമയബന്ധിതമായി നല്‍കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
content highlights: 4th chargesheet filed in koodathai case


