മഹാത്മഗാന്ധിയെയും സ്വാതന്ത്ര്യസമരത്തെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള വിവാദ പ്രസ്താവനയുമായി മുന്‍കേന്ദ്ര മന്ത്രിയും കര്‍ണാടകയില്‍ നിന്നുള്ള നിയമസഭാംഗവുമായ അനന്തകുമാര്‍ ഹെഗ്ഡെ. ബംഗളൂരുവില്‍നടന്ന പൊതുപരിപാടിയിലാണ് മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യസമരം നാടകമാണെന്ന് ഹെഗ്ഡെ പറഞ്ഞത്.
പ്രസ്താവന അംഗീകരിക്കുന്നില്ലെന്നും പാര്‍ട്ടിയും ആര്‍എസ്എസും മഹാത്മാഗാന്ധിയെ വലിയ ബഹുമാനത്തോടെയാണ് കാണുന്നതെന്നും അനന്തകുമാര്‍ ഹെഗ്ഡെ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ബിജെപി വക്താവ് ജി. മധുസുദന്‍ രംഗത്തെത്തി. ഇത്തരം വിലകുറഞ്ഞ പ്രസ്താവനകളെ പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മഹാത്മാഗാന്ധിയുടെ നിരാഹാരസമരവും സത്യാഗ്രഹവും നാടകമാണെന്നുമാണ് ഹെഗ്ഡെ ആരോപിച്ചത്. മരണംവരെ നിരാഹാരം കിടന്നും സത്യാഗ്രഹം നടത്തിയുമാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതെന്ന കോണ്‍ഗ്രസിൻറെ വാദത്തെ ജനങ്ങള്‍ പിന്തുണയ്ക്കുകയാണ്. എന്നാല്‍ സത്യം ഇതല്ലെന്നും ബ്രിട്ടീഷുകാര്‍ രാജ്യംവിട്ടത് നിരാശമൂലമാണെന്നും ഹെഗ്ഡെ പറഞ്ഞു.
ഈ പ്രസ്താവനയെയും ഹെഗ്ഡെയെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് കർണാടക കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക് എം ഖാര്‍ഗെ രംഗത്തെത്തി. പ്രധാനമന്ത്രിയെ പ്രീതിപ്പെടുത്താനുള്ള ശ്രമമാണെന്നും വാര്‍ത്താപ്രാധാന്യമാണ് ഹെഗ്ഡെയുടെ ലക്ഷ്യമെന്നും വിമർശിച്ചു. രാഷ്ട്രീയക്കാരനാവാനും ജനപ്രതിനിധിയാകാനും അനന്തകുമാറിന് യോഗ്യതയില്ലെന്നും അദ്ദേഹത്തിന് മാനസികനില തെറ്റിയിരിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാക്കളും കുറ്റപ്പെടുത്തി.
Content highlights: bjp mp Anantkumar Hegde calls Mahatma Gandhi’s freedom struggle is a ‘drama’