മരടിലെ ഫ്ളാറ്റ് മാലിന്യം നീക്കുന്നത് സംബന്ധിച്ച് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നേതൃത്വത്തിൽ ചേർന്ന യോഗം അവസാനിച്ചു. മരടില്‍ പൊളിച്ച ഫ്ളാറ്റുകളുടെ മാലിന്യം നീക്കുന്നതില്‍ വേഗതപോരെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. കൂടാതെ മുപ്പതടി ഉയരത്തില്‍ മാലിന്യ സംസ്കരണ ഇടം മറിച്ചുകെട്ടണമെന്ന ഗ്രീന്‍ ട്രിബ്യൂണല്‍ ഉത്തരവും പാലിക്കപ്പെട്ടില്ല. പൊടി ശല്യം നിയന്ത്രിക്കാന്‍ വെള്ളം തളിക്കണമെന്ന നിര്‍ദ്ദേശവും പാലിക്കപ്പെട്ടില്ലെന്ന് ഇന്ന് ചേര്‍ന്ന അവലോകന യോഗം വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് ഹരിത ട്രൈബ്യൂണൽ സംസ്ഥാന സമിതി ചെയർമാൻ ജ. എ വി രാമകൃഷ്ണന് നിർദ്ദേശം നൽകി. മാലിന്യ നീക്കത്തിനിടെയുണ്ടാകുന്ന മലിനീകരണം നിയന്ത്രിക്കാന്‍ സ്വീകരിച്ച നടപടികള്‍ തൃപ്തികരമല്ലെന്നും സമിതി അധ്യക്ഷന്‍ ജസ്റ്റിസ് എ വി രാമകൃഷ്ണന് പറഞ്ഞു. നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെട്ടില്ലെങ്കില്‍ അക്കാര്യം ഗ്രീന്‍ ട്രിബ്യൂണലിനെ അറിയിക്കുമെന്നും സമിതി പറഞ്ഞു.
മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് കരാറുകാരായ വിജയ് സ്റ്റീല്‍സിനും പ്രോംപ്റ്റിനും മുന്നറിയിപ്പും നല്കി. ഗോള്‍ഡന്‍ കായലോരം ഫ്ലാറ്റിലെ അവശിഷ്ടങ്ങള്‍ നനച്ച ശേഷം മലിന ജലം കായലിലേക്ക് തന്നെ ഒഴുകിയെത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് മത്സ്യ സമ്പത്തിനെ ദോഷമായി ബാധിക്കും. മാലിന്യ നീക്കം കൃത്യമാണോയെന്ന് പരിശോധിക്കാന്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്നും പൊലീസും മലിനീകരണ നിയന്ത്രണ ബോര്‍ഡും കൃത്യമായി പരിശോധനകള്‍ നടത്തണമെന്നും ഹരിത ട്രൈബ്യൂണല്‍ നിര്‍ദ്ദേശം നല്കി.
ഫ്ലാറ്റുകള്‍ പൊളിച്ചതിന് പിറ്റേന്ന് തന്നെ ഇരുമ്പും കോണ്‍ക്രീറ്റും വേര്‍തിരിക്കാന്‍ തുടങ്ങിയിരുന്നു. കഴിഞ്ഞയാഴ്ച മുതല്‍ കോണ്‍ക്രീറ്റ് മാലിന്യം ഇവിടെനിന്ന് നീക്കിത്തുടങ്ങുകയും ചെയ്തു. മാലിന്യങ്ങള്‍ നിലം നികത്താന്‍ ഉപയോഗിക്കുന്നില്ലെന്നും, രാത്രിയില്‍ മാലിന്യങ്ങള്‍ കൊണ്ടു പോകുന്ന വാഹനങ്ങളുടെ പിന്‍ഭാഗം മറിച്ചു കെട്ടണമെന്ന നിര്‍ദ്ദേശവും ജില്ലാ ഭരണകൂടത്തിന് നല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പൊലീസും കര്‍ശനമായി പരിശോധിക്കണം. മാലിന്യ നീക്കത്തിനായി കരാറെടുത്ത കമ്പനി പ്രതിനിധികളെ സമിതി വിളിച്ചു വരുത്തി. മാലിന്യം നിക്ഷേപിക്കുന്ന ഇടം സംബന്ധിച്ചും ആരാഞ്ഞു. മാലിന്യം കൊണ്ടുപോകുന്നത് മുന്‍ നിശ്ചയിച്ചപ്രകാരം കുമ്പളത്തെ യാര്‍ഡിലേക്കല്ല എന്നും സംഘം വിലയിരുത്തി. മോണിറ്ററിംഗ് സമിതി അധ്യക്ഷനടക്കം ഇന്ന് മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ച സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു.
contet highlights: national green tribunal show disatisfaction on maradu waste disposal


