നാലാം വിവാഹം പന്ത്രണ്ടാം ദിവസം അവസാനിപ്പിച്ച് പമീല ആന്‍ഡേഴ്‌സണ്‍; വിവാഹം ഔദ്യോഗികമല്ലെന്ന് നടി

pameela andrearson

വിവാഹിതരായി രണ്ടാഴ്ച തികയും മുമ്പേ വിവാഹ ബന്ധം വേര്‍പ്പെടുത്തി അമേരിക്കന്‍ നടിയും ടെലിവിഷന്‍ താരവുമായ പമീല ആന്‍ഡേഴ്‌സണ്‍. കഴിഞ്ഞ ജനുവരി 20നായിരുന്നു ഹോളിവുഡിലെ പ്രശസ്ത ഹെയര്‍ ഡിസൈനറും നിര്‍മ്മാതാവുമായ ജോന്‍ പീറ്റേഴ്‌സുമായി വിവാഹം നടന്നത്. നേരത്തെ തന്നെ നടിയുടെ നാലാം വിവാഹവാര്‍ത്ത ഏറെ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹമോചന വാര്‍ത്തയും പുറത്തുവരുന്നത്. 52 കാരിയായ നടി തന്നെയാണ് പ്രസ്താവനയിലൂടെ വേര്‍പിരിയല്‍ വാര്‍ത്ത പുറത്തറിയിച്ചത്.

74കാരനായ ജോന്‍ പീറ്റേഴ്‌സുമായി ഏറെ നാളായി പമീല പ്രണയത്തിലായിരുന്നു. ‘ജീവിതം ഒരു യാത്രയാണ്, സ്‌നേഹം ഒരു പ്രക്രിയയാണ്. ആ സാര്‍വത്രിക സത്യം മനസ്സില്‍ വെച്ചുകൊണ്ട്, ഞങ്ങളുടെ വിവാഹ സര്‍ട്ടിഫിക്കറ്റിന്റെ ഔപചാരികത മാറ്റിവയ്ക്കാനും പ്രസ്തുത പ്രക്രിയയില്‍ ഞങ്ങളുടെ വിശ്വാസം സ്ഥാപിക്കാനും ഞങ്ങള്‍ പരസ്പരം തീരുമാനിച്ചു,’- പമീല പ്രതികരിച്ചു.

1995-ലായിരുന്നു പമീലയുടെ ആദ്യ വിവാഹം. ഡ്രമ്മറായ ടോമി ലീ ആയിരുന്നു പമീലയുടെ ആദ്യ ഭര്‍ത്താവ്. ഈ വിവാഹത്തില്‍ പമീലയ്ക്ക് രണ്ട് ആണ്‍മക്കളുണ്ട്. എന്നാല്‍ ആ ബന്ധം അധികം നീണ്ടു നിന്നില്ല. ലീയ്‌ക്കെതിരെ പമീല ഗാര്‍ഹിക പീഡനത്തിന് കേസ് നല്‍കിയതിനെത്തുടര്‍ന്ന് ലീ ജയിലിലായി. തുടര്‍ന്ന് 1998-ല്‍ ഇരുവരും വിവാഹമോചിതരായി. അതിനു ശേഷം മാര്‍ക്ക്‌സ് ഷെന്‍കെന്‍ബേര്‍ഗ് എന്ന മോഡലുമായി വിവാഹനിശ്ചയം കഴിഞ്ഞുവെങ്കിലും 2001-ല്‍ ഇരുവരും വിവാഹത്തില്‍നിന്നു പിന്തിരിഞ്ഞു. തുടര്‍ന്ന് ഗായകനായ കിഡ് റോക്കിനെ വിവാഹം ചെയ്തു. അതും വിവാഹമോചനത്തില്‍ കലാശിച്ചു. അമേരിക്കന്‍ ഗായകന്‍ റിക്ക് സോളമനെയാണ് പമേല പിന്നീട് വിവാഹം ചെയ്തത്. ഈ ബന്ധവും വിവാഹമോചനത്തില്‍ അവസാനിച്ചു. അതിന് ശേഷം ഫ്രഞ്ച് ഫുട്‌ബോളര്‍ ആദില്‍ റാമിയുമായി പമേല പ്രണയത്തിലായി. ആ ബന്ധവും അധികകാലം നീണ്ടു നിന്നില്ല.

content highlights: pamela anderson splits from husband 12 days after wedding