പന്തീരങ്കാവ് യുഎപിഎ കേസിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

Pinarayi Vijayan on Calicut UAPA case

പന്തീരങ്കാവ് യുഎപിഎ കേസ് എൻഐഎയിൽ നിന്നും സർക്കാർ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയം നൽകിയ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മക്കള്‍ കേസില്‍ ഉള്‍പ്പെട്ടാല്‍ ഏത് മാതാപിതാക്കള്‍ക്കും ആശങ്കയുണ്ടാകുമെന്ന് മുഖ്യമന്ത്രി പണറായി വിജയന്‍ പറഞ്ഞു. കേസ് കേന്ദ്ര ഏജന്‍സിക്ക് കൈമാറിയത് സംസ്ഥാന സര്‍ക്കാരല്ലെന്നും, എല്‍ഡിഎഫിനെ രാഷ്ട്രീയമായി ആക്രമിക്കാന്‍ മാവോയിസ്റ്റുകളെ പ്രതിപക്ഷം ന്യായീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അലനും താഹയ്ക്കുമെതിരെ യുഎപിഎ ചുമത്താനുള്ള കാരണം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ പ്രതിപക്ഷ ഉപ നേതാവ് എം.കെ മുനീർ ആവശ്യപ്പെട്ടു.

എൻഐഎ കേസുകളിലെ ഭേദഗതി വകുപ്പുപ്രകാരം കേസ് സർക്കാരിന് തിരിച്ച് ഏറ്റെടുക്കാൻ കഴിയുമെന്നും ഇക്കാര്യം സർക്കാർ ആവശ്യപ്പെട്ടാൽ മതിയെന്നുമായിരുന്നു എംകെ മുനീർ പറഞ്ഞത്. ആ വകുപ്പ് ഉപയോഗിക്കാൻ സർക്കാർ തയ്യാറാകണമെന്നും മുനീർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ യുഡിഎഫ് കാലത്ത് എടുത്ത യുഎപിഎ കേസുകൾ തിരിച്ചെടുക്കാൻ ആവശ്യപ്പെട്ട് എന്നെങ്കിലും സമീപിച്ചിരുന്നോ എന്ന് മുഖ്യമന്ത്രി പ്രതിപക്ഷത്തോട് ചോദിച്ചു. കേസിന് നിയമപരമായ പിന്‍ബലമുണ്ട്. കേസ് എന്‍ഐഎക്ക് കൈമാറിയത് സംസ്ഥാനമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ കേസ് പരിശോധിക്കും മുന്‍പേ എന്‍ഐഎ കേസ് ഏറ്റെടുത്തു. യുഡിഎഫിൻ്റെ കാലത്ത് ഒമ്പത് കേസുകള്‍ എന്‍ഐഎ ഏറ്റെടുത്തു. അന്നൊന്നും ഒരു കത്തുമായും ആരും പോയില്ലല്ലോ എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

കേസ് പുന:പരിശോധിക്കാന്‍ അമിത് ഷായ്ക്ക് മുന്നില്‍ പോകണോ എന്നും മുഖ്യമന്ത്രി ചോദിച്ചു. എൽഡിഎഫിനെ നേരിടാൻ മാവോയിസ്റ്റുകളെ പിന്തുണയ്ക്കാനുള്ള വല്ലാത്ത വ്യഗ്രതയാണ് പ്രതിപക്ഷം കാണിക്കുന്നതെന്നും എല്ലാ കരിനിയമങ്ങളുടേയും തുടക്കക്കാർ കോൺഗ്രസ് മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഎപിഎ കേസിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കുകയായിരുന്നു മുഖ്യമന്ത്രി. യുഎപിഎ ചുമത്തിയ കാരണമാണ് കേസ് എൻഐഎ ഏറ്റെടുത്തതെന്നും അലനിൽ നിന്നും താഹയിൽ നിന്നും കണ്ടെടുത്തത് സിപിഐഎം ഭരണഘടനയാണെന്നും എംകെ മുനീർ പറഞ്ഞിരുന്നു.

Content Highlights: Pinarayi Vijayan on Calicut UAPA case