പാലാരിവട്ടം മേൽപാലം അഴിമതി കേസ്; മുൻമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി

Governor sanctioned to prosecute former minister VK Ibrahim kunju in Palarivattom scam

പാലാരിവട്ടം മേൽപാലം അഴിമതി കേസിൽ മുൻമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ വിജിലൻസിന് അനുമതി നൽകി. ഇതുസംബന്ധിച്ച ഫയലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് ഒപ്പുവച്ചത്.

ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ നേരത്തെ സർക്കാർ ഗവർണറോട് അനുമതി തേടിയിരുന്നു. എന്നാൽ ഇപ്പോൾ അഡ്വക്കേറ്റ് ജനറൽ നൽകിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഗവർണർ തീരുമാനം എടുത്തത്. സ്പീക്കറുടെ അനുമതിയോടെ വിജിലൻസിന് അറസ്റ്റ് ഉൾപ്പടെയുള്ള കാര്യങ്ങളിലേക്ക് ഇനി കടക്കാം. അതേസമയം മൂന്ന് മാസമായിട്ടും വിജിലന്‍സിന്റെ അപേക്ഷയില്‍ തീരുമാനം വരാതിരുന്നത് വലിയ വിമർശനത്തിന് ഇടയായിരുന്നു.

പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലന്‍സിന് തെളിവ് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇബ്രാഹിം കുഞ്ഞിനെ കൂടി കേസില്‍ പ്രതിചേര്‍ത്ത് അന്വേഷണം നടത്തുന്നതിന് വേണ്ടി പ്രോസിക്യൂഷന്‍ അനുമതി തേടിക്കൊണ്ട് വിജിലന്‍സ് സംഘം മൂന്നുമാസം മുമ്പാണ് സര്‍ക്കാരിന് കത്തു നല്‍കിയത്.

ഇതിനിടെ അറസ്റ്റിലായ പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി ഓ സൂരജിന്റെ സത്യവാങ്മൂലത്തിൽ ഇബ്രാഹിം കുഞ്ഞിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ അടക്കമുള്ള കാര്യങ്ങളിൽ ഇബ്രാഹിം കുഞ്ഞ് ആരോപണവിധേയനാണ്. ഈ സാഹചര്യത്തിലാണ് പ്രോസിക്യൂഷൻ നടപടികളിലേക്ക് കടക്കാൻ വിജിലൻസ് തീരുമാനമെടുത്തത്. ഉടന്‍ തന്നെ വിജിലന്‍സ് ഇബ്രാഹിം കുഞ്ഞിനെ ചോദ്യ ചെയ്യാനാണ് സാധ്യത.

content highlights: Governor sanctioned to prosecute former minister VK Ibrahim kunju in Palarivattom scam