മലാല യൂസഫ്സായിയെ വെടിവെച്ച കേസിലെ പ്രതി എഹ്സാനുല്ല എഹ്സാൻ പാകിസ്ഥാൻ ജയിലിൽ നിന്ന് രക്ഷപ്പെട്ടു

ehsanullah ehsan escapes from pakistan jail

മലാല യൂസഫ്‌സായിയെ വെടിവച്ചതിനും പെഷവാർ ആർമി സ്‌കൂൾ ഭീകരാക്രമണം നടത്തിയതിനും ഉത്തരവാദിയായ തെഹ്രീക് ഇ താലിബാൻ പാകിസ്ഥാൻ (ടിടിപി) വക്താവ് എഹ്സാനുല്ല എഹ്സാൻ പാകിസ്ഥാനിലെ ആർമി ജയിലിൽ നിന്ന് രക്ഷപ്പെട്ടു.

ജനുവരി 11 ന് ജയിലിൽ നിന്ന് രക്ഷപ്പെടുന്നതിൽ വിജയിച്ചതായി പറയുന്ന  എഹ്സാനുല്ലയുടെ ഓഡിയോ സന്തേശം ഒരു സ്വകാര്യ ഓൺലൈൻ ചാനൽ വഴി പുറത്തുവിടുകയും ചെയ്തു. ജമാഅത്ത് ഉൽ അഹ്‌റാർ എന്ന ഭീകര സംഘടനയുടെ വക്താവും പാകിസ്ഥാനിലെ നിരവധി ഭീകരാക്രമണങ്ങളിലെ പ്രതിയുമായ എഹ്സാനുല്ലയുടെ തലക്ക് പാക്കിസ്ഥാൻ ഒരു മില്യൺ ഡോളറാണ് വിലയിട്ടിരിക്കുന്നത്.

താലിബാൻ ആജ്ഞകൾ ലംഘിച്ച് വിദ്യാഭ്യാസം നേടിയതിനും തീവ്രവാദ സംഘടനയുടെ അതിക്രമങ്ങൾ ഉയർത്തിക്കാട്ടിയതിനും അന്നത്തെ സ്കൂൾ പെൺകുട്ടിയായ, സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവും കൂടിയായ മലാലയെ എഹ്സാനുല്ല 2012 ൽ വെടിവച്ചു. 2014 ലെ ആർമി പബ്ലിക് സ്‌കൂളിലെ ആക്രമണത്തിൽ 134 സ്‌കൂൾ കുട്ടികളും 15 സ്റ്റാഫ് അംഗങ്ങളും കൊല്ലപ്പെട്ട സംഭവത്തിൻറെ പ്രധാന പ്രതിയാണ് എഹ്സാനുല്ല.

റാവൽപിണ്ടിയിലും കറാച്ചിയിലും ഷിയകൾക്ക് നേരെ നടന്ന ചാവേർ ബോംബാക്രമണത്തിലും ഗിൽഗിത്-ബാൾട്ടിസ്ഥാൻ പ്രദേശത്ത് ഒമ്പത് വിദേശ വിനോദ സഞ്ചാരികളെയും അവരുടെ ഗൈഡിനെയും കൊലപ്പെടുത്തിയ സംഭവത്തിലും ഇയാൾക്ക് പങ്കുണ്ട് . കൂടാതെ, മൊഹമന്ദ് ഏജൻസിയിലെ സമാധാന സമിതി വോളൻ്റിയർമാരെ ലക്ഷ്യമിട്ട ഇരട്ട സ്ഫോടനങ്ങൾ, വാഗാ അതിർത്തിക്ക് സമീപം നടന്ന ചാവേർ ആക്രമണം, 2016 ൽ ലാഹോർ പാർക്കിൽ നടന്ന ഈസ്റ്റർ സമ്മേളനത്തിലെ ബോംബാക്രമണവും അതിൽ 300 ലധികം പേർക്ക് പരിക്കേൽക്കുകയും 75 പേർ കൊല്ലപ്പെടുകയും ചെയ്‍തതിൻറെയും പുറകിൽ എഹ്സാനുല്ലയായിരുന്നു.

2017 ൽ അദ്ദേഹം “ദുരൂഹസാഹചര്യങ്ങളിൽ” പാകിസ്ഥാൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയ ശേഷം നടന്ന ഒരു പാകിസ്ഥാൻ ടിവി ചാനലിനെ അഭിമുഖത്തിൽ താൻ ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ റോയ്ക്ക് വേണ്ടി ജോലി ചെയ്യുകയാണെന്ന് അവകാശപ്പെട്ടിരുന്നു. മൂന്ന് വർഷത്തെ കസ്റ്റഡിയിൽ കഴിഞ്ഞിട്ടും പാകിസ്ഥാൻ ആർമി ഇയാൾക്കെതിരെ ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്നാണ് ആരോപണം.

ഓഡിയോ ക്ലിപ്പിംഗ് എഹ്സാനുല്ലയുടെ ശബ്ദമാണെന്ന് ഇസ്ലാമാബാദ് വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ താൻ നിയമം പിന്തുടർന്നുവെന്നും എന്നാൽ പാകിസ്ഥാൻ്റെ സത്യസന്ധമല്ലാത്തതും അഴിമതി നിറഞ്ഞതുമായ സ്ഥാപനങ്ങൾ തന്നെയും കുടുംബത്തെയും വഞ്ചിച്ചുവെന്നും എഹ്സാനുല്ല ഉറുദു ഭാഷയിൽ ഓഡിയോ സന്തേശത്തിലൂടെ പറയുന്നുണ്ട്. താനും പാകിസ്ഥാൻ അധികൃതരും താനും തമ്മിലുള്ള കരാർ പ്രകാരമാണ് ടിവി വാർത്താ അഭിമുഖത്തിൽ പ്രസ്താവനകൾ നടത്തിയതെന്നും എന്നാൽ അന്ന് കരാറിൽ പറഞ്ഞ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്നും ഓഡിയോ ക്ലിപ്പിൽ വിശദമാക്കി. തനിക്കെതിരായ ഗൂഢാലോചനയിൽ ഉൾപ്പെട്ട എല്ലാ ഉദ്യോഗസ്ഥരെയും ഉടൻ തുറന്നുകാട്ടുമെന്നും ഇഹ്സാനുല്ല പറഞ്ഞു.

ജനുവരി 11നാണ് എഹ്സാൻ രക്ഷപ്പെട്ടത് എങ്കിലും ഇപ്പോൾ മാത്രമാണ് വാർത്ത ഫേസ്‌ബുക്കിലും ട്വിറ്ററിലും പ്രചരിച്ചത്. എന്നാൽ സെെന്യം ഇതുവരെ ഇതിനെ സംബദ്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.  സോഷ്യൽ മീഡിയയിൽ ഇഹ്സാനുല്ല ജയിൽ ചാടിയതുമായി ബന്ധപ്പെട്ട്  പ്രചരിക്കുന്ന ക്ലിപ്പുകൾ ആദ്യം പങ്കിട്ടത് എഹ്‌സാനെ പ്രതിനിധീകരിക്കുന്നതായി അവകാശപ്പെടുന്ന ഒരു ട്വിറ്റർ അക്കൗണ്ടാണ്. ട്വിറ്ററിൽ അക്കൗണ്ട് എടുത്തിരിക്കുന്നത് 2020 ജനുവരിയിലാണ്. ട്വിറ്റർ അക്കൗണ്ടിൽ ലിയാഗത്ത് അലി എന്ന ഫേസ്ബുക്ക് അക്കൗണ്ടുമായി ലിങ്കുചെയ്യുന്നുണ്ട്. അതാണ് എഹ്സാൻ്റെ യഥാർത്ഥ പേര്.

2016 സെപ്റ്റംബറിലാണ് ഫെയ്‌സ്ബുക്കിൽ അക്കൗണ്ട് തുടങ്ങുന്നത്. എഹ്‌സാൻ ജയിലിൽ കഴിഞ്ഞ 2018-19 വർഷത്തിലുടനീളം ഫേസ്ബുക്ക് അക്കൗണ്ട് സജീവമായിരുന്നു എന്നാണ് വ്യക്തമാകുന്നത്. മാത്രമല്ല, ഇപ്പോഴത്തെ സ്ഥലമായി “ഇസ്ലാമാബാദ്” എന്നും കൊടുത്തിട്ടുണ്ട്.

content highlights: ehsanullah ehsan escapes from pakistan jail