ഇന്ത്യയിൽ ജോലി ചെയ്യണമെങ്കിൽ ഹിന്ദുക്കളുടെ ശാക്തീകരണത്തിന് വേണ്ടി പ്രവർത്തിക്കണമെന്ന് ആർഎസ്എസ് നേതാവ്

ആർക്കെങ്കിലും ഇന്ത്യയിൽ ജോലി ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഹിന്ദു വിഭാഗക്കാരുടെ ശാക്തീകരണത്തിന് വേണ്ടി പ്രവർത്തിക്കണമെന്ന ആഹ്വാനവുമായി ആർഎസ്എസ് നേതാവ് സുരേഷ് ഭയ്യാജി ജോഷി. ഹിന്ദുക്കളെ ഇന്ത്യയിൽ നിന്ന് വേർതിരിക്കാനാവില്ല. ഇന്ത്യയുടെ ഉയർച്ചയും താഴ്ചയും കാലാകാലങ്ങളായി കണ്ടുകൊണ്ടിരിക്കുന്നവരാണ് ഇന്ത്യക്കാർ. രാജ്യത്തിൻറെ കേന്ദ്രമാണ് ഹിന്ദുക്കളെന്നും സുരേഷ് ഭയ്യാജി ജോഷി പറഞ്ഞു. ‘വിശ്വഗുരു ഇന്ത്യ, ഒരു ആർഎസ്എസ് കാഴ്ചപ്പാട്’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നതിനിടയിലാണ് അദ്ദേഹം വിവാദ പരാമർശം നടത്തിയത്. 

ഹിന്ദു എന്നത് ഒരു സമുദായമോ എതിരാളിയോ അല്ല എന്നതുകൊണ്ട് തന്നെ ഹിന്ദുക്കൾക്ക് വേണ്ടി പ്രവർത്തിക്കാൻ ആരും മടി കാണിക്കരുതെന്നും സുരേഷ് ഭയ്യാജി ജോഷി പറഞ്ഞു. 2020ൽ ഇന്ത്യ ഒരു അതിശക്ത രാഷ്ട്രമായി മാറുമെന്നും  ഹിന്ദുക്കൾ മറ്റു രാജ്യങ്ങളെ ആക്രമിക്കാൻ ശ്രമിച്ചിട്ടില്ലെന്നും നടന്ന യുദ്ധങ്ങളൊക്കെ സ്വയ പ്രതിരോധത്തിൻറെ ഭാഗമാണെന്നും ജോഷി പറഞ്ഞു. 

ഇന്ത്യയിലെ കുറച്ച് മത വിഭാഗങ്ങൾ തങ്ങളുടെ വഴി മാത്രമാണ് ശരി എന്നാണ് പ്രചരിപ്പിക്കുന്നത്. എന്നാൽ ഹിന്ദുക്കൾ മറ്റു വിഭാഗങ്ങളെപോലെ തന്നെ തങ്ങൾക്കും തങ്ങളുടെതായ വിശ്വസങ്ങൾ ഉണ്ടെന്ന് മാത്രമേ പറയുന്നുള്ളു. ലോകം മുഴുവൻ ഹിന്ദു വിഭാഗത്തിൻറെ ഈ തത്വം അംഗീകരിച്ചാൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാവും. ഈ ആശയത്തിലേക്ക് ഇന്ത്യയെ കൊണ്ടു വരേണ്ടത് എല്ലാവരുടേയും ഉത്തരവാദിത്വമാണ്. സുരേഷ് ഭയ്യാജി ജോഷി പറഞ്ഞു. 

content highlights: If You Want To Work In India, Work For Hindu Empowerment says RSS Leader