ഏറെ പ്രത്യേകതകൾ നിറഞ്ഞ പുതിയ ഒരു രൂപ നോട്ടുകൾ വിപണിയിലെത്തുകയാണ്. പുതിയ നേട്ടുകൾ പുതിയ രൂപത്തിലും അളവിലും, നിറത്തിലും ഉടൻ വിതരണത്തിനൊരുങ്ങുന്നതായാണ് റിപ്പോർട്ട്. അച്ചടിക്കായുള്ള ഗസറ്റ് വിജ്ഞാപനം ഫെബ്രുവരി ഏഴാം തിയതി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. മറ്റ് കറൻസികളെ അപേക്ഷിച്ച് ധനകാര്യ മന്ത്രാലയം നേരിട്ട് പുറത്തിറക്കുന്ന നോട്ടിൽ ധനകാര്യ വകുപ്പ് സെക്രട്ടറി അതനു ചക്രവർത്തിയാണ് ഒപ്പിടുന്നത്. നിരവധി പ്രത്യേകതകളോടു കൂടിയാണ് ഒരു രൂപ നോട്ട് അച്ചടിച്ചിരിക്കുന്നത്. പുതിയ നോട്ട് സംബന്ധിച്ചുള്ള നിറം, രൂപം, അളവുകള്‍, തുടങ്ങി നിരവധി വിശദാംശങ്ങള്‍ വിജ്ഞാപനത്തില്‍ പറയുന്നുണ്ട്. ഇന്ത്യാ ഗവണ്‍മെൻ്റിന് കീഴിലുള്ള പ്രിൻ്റിംഗ് പ്രസുകളില്‍ നോട്ട് അച്ചടിക്കുമെന്നും വിജ്ഞാപനത്തിലുണ്ട്.
പിങ്ക്, പച്ച കളറുകൾ ചേർന്ന നോട്ടിന് 9.7 x 6.3 സെൻ്റീമീറ്റര്‍ ആയിരിക്കും വലുപ്പം. നൂറ് ശതമാനവും കോട്ടണില്‍ ആയിരിക്കും നിര്‍മ്മാണം. 110 മൈക്രോണ്‍ കനമുള്ള നോട്ടിന് 90 ജിഎസ്എം ഭാരമാണ് ഉണ്ടാവുക. അശോക സ്തംഭത്തോടൊപ്പം വാട്ടര്‍ മാര്‍ക്കോട് കുടിയുള്ള ഡിസൈനും നോട്ടിലുണ്ടാകും. മധ്യ ഭാഗത്തായി 1 എന്ന് മറഞ്ഞിരിക്കുന്ന രീതിയില്‍ ക്രമീകരിച്ചിരിക്കുന്നു. ഭാരത് എന്ന് ലംബമായി നോട്ടിൻ്റെ ഇരു വശത്തുമുണ്ടാകും. മറ്റ് നോട്ടുകളിൽ ഗവൺമെൻ്റ് ഓഫ് ഇന്ത്യ എന്ന് രേഖപ്പെടുത്തുന്നതിന് പകരമായി ഭാരത് സർക്കാർ എന്നാവും രേഖപ്പെടുത്തിയിട്ടുണ്ടാവുക.
ധനകാര്യ വകുപ്പ് സെക്രട്ടറിയുടെ രണ്ട് ഭാഷകളിലുള്ള ഒപ്പും ഇതിലുണ്ടാകും. ധാന്യത്തിൻ്റെ രൂപം കൂടിച്ചേര്‍ന്നുള്ള രൂപ കല്പനയിലായിരിക്കും രൂപയുടെ ചിഹ്നം ആലേഖനം ചെയ്തിട്ടുള്ളത്. രാജ്യത്തിൻ്റെ കാർഷിക മേഖലയെ അടയാളപ്പെടുത്തുന്നതാണിത്. ഒരു രൂപയുടെ പുതിയ കോയിനിലുള്ള രൂപയുടെ (₹) ചിഹ്നവും സത്യമോവ ജയതേ എന്നും ആലേഖനം ചെയ്തിട്ടുള്ളതാകും പുതിയ നോട്ട്. കറുത്ത നിറത്തിലായിരിക്കും അക്കങ്ങൾ രേഖപ്പെടുത്തിയിരിക്കുക, ആദ്യത്തെ മൂന്ന് ആൽഫ ന്യൂമെറിക് ക്യാരക്ടറുകളും ഒരേ വലിപ്പത്തിലായിരിക്കും രേഖപ്പെടുത്തിയിട്ടുള്ളത്. രാജ്യത്ത് ഇന്ന് പ്രചാരത്തിലുള്ള 15 ഭാഷകളിലായി രൂപയുടെ മൂല്യവും രേഖപ്പെടുത്തിയിരിക്കും.
Content Highlights: introducing new one rupee currency note by the finance ministry


