ആർത്തവാവസ്ഥയിലുള്ള സ്ത്രീകൾ ആഹാരം പാകം ചെയ്താൽ അടുത്ത ജന്മം പെൺപ്പട്ടിയായി ജീവിക്കേണ്ടി വരും; ശ്രീ സഹജാനന്ദ് ഗേൾസ് ഇൻസ്റ്റിറ്റ്യൂട്ടിലെ മത പ്രചാരണങ്ങൾ ഇങ്ങനെയൊക്കെ….

If menstruating women cook, they will be born as bitch says Swami Krushnaswarup Dasji

‘ആർത്തവമുള്ള സ്ത്രീ പാകം ചെയ്യുന്ന ഭക്ഷണം നിങ്ങൾ കഴിക്കുകയാണെങ്കിൽ അടുത്ത ജന്മം നിങ്ങളുടെ ജീവിതം കാളക്ക് സമാനമായിരിക്കും. അതുപോലെ ആർത്തവമുള്ള സ്ത്രീ അടുക്കളയിൽ കയറി ഭർത്താവിന് ഭക്ഷണം പാകം ചെയ്ത് നൽകിയാൽ അടുത്ത ജന്മം മുഴുവൻ അവർ പെൺപട്ടിയായി ജീവിക്കേണ്ടി വരും’. സ്വാമി കൃഷ്ണസ്വരൂപ് ദാസ്ജിയുടെ വാക്കുകളാണിത്. കഴിഞ്ഞ ദിവസം 68 വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് ആർത്തവ പരിശോധന നടത്തിയ ശ്രീ സഹജാനന്ദ് ഗേൾസ് ഇൻസ്റ്റിറ്റ്യൂട്ടിൻറെ സ്ഥാപകരായ ബുജ്ജിലെ സ്വാമി നാരായണൻ മന്ദിർ അനുഭാവികളിൽ ഒരാളാണ് സ്വാമി കൃഷ്ണസ്വരൂപ് ദാസ്ജി. ആർത്തവ പരിശോധനയുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനങ്ങൾ നിലനിൽക്കുന്നതിനിടയിലും സ്ത്രീവിരുദ്ധ പ്രസ്താവനകൾ നടത്തുകയാണ് സ്വാമി കൃഷ്ണസ്വരൂപ് ദാസ്ജി. 

‘നിങ്ങൾക്ക് എന്ത് തോന്നിയാലും അത് പ്രശ്നമല്ല. പക്ഷെ ഈ നിയമങ്ങൾ ആത്മീയ ഗ്രന്ഥങ്ങളിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ആർത്തവമുള്ള സ്ത്രീകൾ ഭക്ഷണം പാകം ചെയ്താൽ അടുത്ത ജന്മം പട്ടിയായി ജീവിക്കേണ്ടി വരും. ഞാനിത് പറയുമ്പോൾ എല്ലാവരും വിചാരിക്കും ഞാൻ കർകശകാരനായ ഒരാളാണെന്ന്. സ്ത്രീകൾ തങ്ങൾ പട്ടികൾ ആകുമല്ലോ എന്നോർത്ത് വിലപിക്കും. പക്ഷെ ഇതാണ് യാഥാർത്ഥ്യം. അവർ പട്ടികളാവുക തന്നെ ചെയ്യും’. കൃഷ്ണസ്വരൂപ് ദാസ്ജി പറഞ്ഞു. കൂടാതെ പുരുഷൻന്മാർ ഈ സമയങ്ങളിൽ സ്വയം ആഹാരം ഉണ്ടാക്കി കഴിക്കണമെന്നും ഉപദേശിച്ചു. 

കഴിഞ്ഞ ദിവസം ആർത്തമുണ്ടോ എന്ന് തെളിയിക്കാൻ  ശ്രീ സഹജാനന്ദ് ഗേൾസ് ഇൻസ്റ്റിറ്റ്യൂട്ട് ഹോസ്റ്റൽ അധികൃതർ 68 പെൺകുട്ടികളുടെ അടിവസ്ത്രം പരിശോധിച്ചത് വിവാദമായിരുന്നു. സ്ഥാപനത്തിൻറെ നിയമ പ്രകാരം ആർത്തവ സമയത്ത് അമ്പലത്തിലോ അടുക്കളയിലോ കയറാൻ അനുവാദമില്ല. മറ്റ് കുട്ടികളെ പോലും ഈ സമയത്ത് സ്പർശിക്കാൻ പാടില്ല. ആർത്തവമാവുന്ന സമയത്ത് പെൺകുട്ടികൾ അത് രജിസ്റ്ററിൽ രേഖപ്പെടുത്തണം. പിന്നീട് അവരെ മൂന്ന് ദിവസത്തേക്ക് ഹോസ്റ്റലിൽ നിന്ന് മാറ്റി താമസിപ്പിക്കും. ഭക്ഷണമുറിയിൽ പോലും പ്രവേശിക്കാൻ കഴിയില്ല. എല്ലാവരും കടന്ന് പോകുന്ന ഇടനാഴിയിൽ ഇരുത്തിയാണ് ഭക്ഷണം നൽകുന്നത്. പ്രശ്നത്തിൻറെ ഗൌരവം പുറം ലോകം അറിയാതിരിക്കാൻ വിദ്യാർത്ഥിനികളെ മുറിയിൽ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തുകയാണ് കോളേജ് അധികൃതർ. 

content highlights: If menstruating women cook, they will be born as bitch says Swami Krushnaswarup Dasji