അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി രൂപീകരിച്ച രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ പ്രസിഡന്റായി മഹന്ത് നൃത്യ ഗോപാല്‍ ദാസിനെ തെരഞ്ഞെടുത്തു. രാമജന്മഭൂമി ന്യാസിൻറെ അധ്യക്ഷനും ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതിയുമാണ് ഇദ്ദേഹം. ചമ്പത്ത് റായിയെ ജനറല്‍ സെക്രട്ടറിയായും ഗോവിന്ദ് ദേവ് ഗിരിയെ ട്രഷറര്‍ ആയും തെരഞ്ഞെടുത്തു.
പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ മിശ്രയുടെ അധ്യക്ഷതയിലുള്ള സമിതിക്ക് ട്രസ്റ്റിൻെറ ആദ്യ യോഗം രൂപം നൽകി. സമിതിയുടെ യോഗത്തിന് ശേഷം മാത്രമേ ക്ഷേത്ര നിര്‍മാണം എപ്പോൾ തുടങ്ങുമെന്ന് തീരുമാനിക്കുകയുള്ളു. സമിതിയുടെ പേരില്‍ എസ്ബിഐ ബാങ്കിന്റെ അയോധ്യ ശാഖയില്‍ അക്കൗണ്ട് തുടങ്ങുമെന്നും 15 ദിവസത്തിന് ശേഷം ട്രസ്റ്റ് വീണ്ടും യോഗം ചേരുമെന്നും അറിയിച്ചു.
രാമക്ഷേത്ര നിർമ്മാണത്തിനായി പതിനഞ്ചംഗ സമിതിക്ക് രൂപം നൽകുമെന്ന് നരേന്ദ്ര മോദി പാർലമെൻറിൽ പറഞ്ഞിരുന്നു. അയോധ്യ കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി പ്രകാരമാണ് ട്രസ്റ്റിന് രൂപം നൽകിയിരിക്കുന്നത്. 15 പേർ അടങ്ങുന്ന സമിതിക്ക് മുതിർന്ന അഭിഭാഷകൻ പരസരൻ നേതൃത്വം നൽകും.
content highlights: Nritya Gopal Das elected as president of Ram Temple trust