കേരള കോൺഗ്രസ് ജേക്കബ് വിഭാഗം പിളർന്നു

kerala congress jacob splits

കേരള കോൺഗ്രസ് ജേക്കബ് വിഭാഗം പിളർന്നു. കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിലെ ജോണി നെല്ലൂര്‍ വിഭാഗം കേരള കോണ്‍ഗ്രസ് (എം) ജോസഫ് ഗ്രൂപ്പില്‍ ലയിക്കും. അതേ സമയം കേരള കോൺഗ്രസ്(എം) വിഭാഗവുമായി ലയനം വേണ്ടെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കേരള കോൺഗ്രസ് (ജേക്കബ്) പാർട്ടി ലീഡർ അനൂപ് ജേക്കബ്

പാർട്ടി പിളർന്നിട്ടില്ലെന്നും ചിലർ പാർട്ടി വിട്ടപോയതാണെന്നും അനൂപ് ജേക്കബ് പ്രതികരിച്ചു. സംഭവത്തിൽ നടപടിയെടുക്കാൻ മൂന്നംഗ കമ്മീഷനെ നിയമിച്ചെന്നും അനൂപ് പറഞ്ഞു. കോട്ടയത്ത് ജോണി നെല്ലൂര്‍ വിഭാഗം വിളിച്ചുകൂട്ടിയ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ വൈസ് പ്രസിഡൻ്റ് ജോര്‍ജ് ജോസഫ് പ്രമേയം അവതരിപ്പിച്ചു. ജോസഫ് വിഭാഗവുമായുളള ലയനവുമായി ബന്ധപ്പെട്ട തുടര്‍ ചര്‍ച്ചകള്‍ക്ക് ജോണി നെല്ലൂരിനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു പ്രമേയം. യോഗം പ്രമേയം അംഗീകരിച്ചു. എന്നാൽ അനൂപ് ജേക്കബ് എതിർത്തു.

പാര്‍ട്ടിയെ ഭിന്നിപ്പിക്കാന്‍ അനൂപ് ജേക്കബ് അച്ചാരം വാങ്ങിയെന്നും മന്ത്രിയായിരിക്കുന്ന കാലയളവില്‍ ടി.എം. ജേക്കബിൻ്റെ സ്മാരകം പണിയുന്നതിന് വേണ്ടി യാതൊരു മുന്‍കൈയും അനൂപ് ജേക്കബ് എടുത്തില്ലെന്നും ഡെപ്യൂട്ടി ലീഡർ സ്ഥാനം അവശ്യപ്പെട്ടിട്ട് ലഭിക്കാത്തതുകൊണ്ട് ലയനം എതിർത്തെന്നും ജോണി ആരോപിക്കുന്നു.

തനിക്കെതിരെ ജോണി നെല്ലൂര്‍ നുണപ്രചരണമാണ് നടത്തുന്നതെന്ന് അനൂപ് ജേക്കബ് ആരോപിച്ചു. ജോണി നെല്ലൂരിൻ്റെ വാക്കുകള്‍ അദ്ദേഹത്തിന്റെ സംസ്‌കാരമാണ് പ്രകടമാക്കുന്നതെന്നും അനൂപ് പറഞ്ഞു. കോട്ടയത്ത് അനൂപ് ജേക്കബ് വിളിച്ച യോഗം നടന്നുകൊണ്ടിരിക്കുകയാണ്. ഈ മാസം 29 ന് എറണാകുളത്ത് ലയന സമ്മേളനം നടത്താനാണ് ജോണി നെല്ലൂര്‍ വിഭാഗം തീരുമാനിച്ചിരിക്കുന്നത്. ലയനം വേണ്ടെന്ന നിലപാടിലാണ് അനൂപ് ജേക്കബ് വിഭാഗം യോഗം ചേരുന്നത്. 

content highlights: kerala congress jacob splits

LEAVE A REPLY

Please enter your comment!
Please enter your name here