മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് രാജിവെച്ചു

malaysian prime minister mahathir mohammad resigns

മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് മലേഷ്യൻ രാജാവിന് രാജിക്കത്ത് കൈമാറിയതായി മഹാതിറിൻ്റെ ഓഫീസ് അറിയിച്ചു. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ തെരഞ്ഞെടുക്കപ്പെട്ട നേതാവായിരുന്നു മഹതിർ മുഹമ്മദ്. പുതിയ ഭരണ കക്ഷി സഖ്യം രൂപീകരിക്കാനുള്ള നീക്കങ്ങൾ നടക്കുന്നവെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ഇപ്പോൾ മഹാതിർ രാജി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഉച്ചയ്ക്ക് 1 മണിയോടെ രാജിക്കത്ത് കൈമാറിയെന്ന വിവരം മാത്രമാണ് ഇപ്പോൾ മഹാതിറിൻ്റെ ഓഫീസ് നൽകിയിരിക്കുന്നത്. മഹാതിറിന്‍റെ പാർട്ടിയായ പ്രിബുമി ബെർസാതു മലേഷ്യ (പിപിബിഎം /മലേഷ്യൻ ഐക്യ സ്വദേശി പാർട്ടി ) ഭരണ മുന്നണി വിടുന്നതായും പ്രഖ്യാപിച്ചിട്ടുണ്ട്. പാർട്ടി പ്രസിഡൻ്റും, മലേഷ്യൻ ആഭ്യന്തര മന്ത്രിയുമായ മുഹിയുദ്ധിൻ യാസിൻ ആണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്.

മലേഷ്യയിൽ അറുപത് വർഷമായി അധികാരത്തിലുള്ള നജീബ് റസാഖിൻ്റെ ദേശിയ സഖ്യത്തെ തോൽപ്പിച്ചാണ് 92 കാരനായ മഹതിറിൻ്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം അധികാരത്തിലെത്തുന്നത്. 2016ലാണ് മഹതിർ ഭരണപക്ഷത്ത് നിന്നും പ്രതിപക്ഷത്തേക്ക് മാറുന്നത്. 222 സീറ്റുകളിൽ 113 സീറ്റുകൾ നേടിയാണ് അന്ന് മഹതിർ അധികാരത്തിലെത്തുന്നത്. ദീർഘകാല രാഷ്ട്രീയ എതിരാളിയായിരുന്ന അൻവർ ഇബാരാഹിമുമായി കൈകോർത്തായിരുന്നു ഈ തെരഞ്ഞെടുപ്പ് വിജയം. മഹാതിറിന് ശേഷം അൻവർ ഇബ്രാഹിം പ്രധാനമന്ത്രിയാകുമെന്നായിരുന്നു ധാരണ. എന്നാൽ ഈ ധാരണയെ അട്ടിമറിച്ചു കൊണ്ടാണ് ഇപ്പോൾ മഹാതിർ സഖ്യം വിട്ട് പ്രതിപക്ഷ കക്ഷികളോട് കൂട്ട് ചേർന്ന് പുതിയൊരു സർക്കാരുണ്ടാക്കാൻ പോകുന്നത്

Content Highlights: malaysian prime minister mahathir mohammad resigns