അംഗീകാരമില്ലാത്തത് മറച്ചുവച്ച് അരൂജ ലിറ്റിൽ സ്റ്റാഴ്സ് സ്കൂൾ; പരീക്ഷ എഴുതാൻ കഴിയാതെ 29 കുട്ടികൾ

thoppumpady CBSE school lies about affiliation

സ്കൂളിന് അംഗീകാരമില്ലാത്തതിനാൽ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതാൻ സാധിക്കാതെ 29 കുട്ടികൾ. സിബിഎസ്ഇ അംഗീകാരം ഇല്ലാത്തത് സ്കൂൾ മാനേജ്മെൻ്റ് മറച്ചുവയ്ക്കുകയായിരുന്നെന്ന് ആരോപിച്ച് മാതാപിതാക്കളും കുട്ടികളും പ്രതിഷേധത്തിലാണ്. പരീക്ഷ അടുത്തിട്ടും ഹാൾ ടിക്കറ്റ് വരാത്തതിനെ തുടർന്ന് കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് സ്കൂളിന് അംഗീകാരമില്ലെന്ന വിവരം അറിയുന്നത്. 

കൊച്ചി തോപ്പുംപടി അരൂജ ലിറ്റില്‍ സ്റ്റാഴ്‌സ് സ്‌കൂളിലാണ് സംഭവം.സിബിഎസ്ഇ അംഗീകാരം ഇല്ലാത്ത സ്കൂളുകളിലെ വിദ്യാർഥികളെ സാധാരണ അംഗീകാരമുള്ള വേറെ സ്കൂളുകളിലെ വിദ്യാർഥികൾക്കൊപ്പം റജിസ്ട്രേഷന് അപേക്ഷിച്ചു പരീക്ഷയെഴുതിക്കുന്നതാണു പതിവ്. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷക്ക് ഇരുത്തണമെങ്കിൽ ഒൻപതാം ക്ലാസ് മുതൽ കുട്ടികളെ റജിസ്റ്റർ ചെയ്യണം. പക്ഷെ സ്കൂളിൻറെ ഭാഗത്ത് നിന്ന് അവസാന നിമിഷം മാത്രമാണ് ശ്രമമുണ്ടായത്. സാധാരണ നിലയിലുളള നടപടിക്രമങ്ങൾ ഒന്നും പാലിച്ചിട്ടില്ലാത്തതുകൊണ്ട് തന്നെ കുട്ടികൾക്ക് പരീക്ഷ എഴുതാൻ കഴിയില്ല. എന്നാല്‍ പരീക്ഷ എഴുതാന്‍ സാധിക്കില്ലെന്ന വിവരം കഴിഞ്ഞ സെപ്തംബറില്‍ തന്നെ അറിയുമായിരുന്ന മാനേജ്‌മെന്റ് ഇക്കാര്യം നേരത്തെ അറിയിച്ചില്ലെന്നും രക്ഷിതാക്കൾ ചൂണ്ടികാണിക്കുന്നു. അടുത്ത വര്‍ഷം പരീക്ഷ എഴുതാനുള്ള സംവിധാനം ഏര്‍പ്പെടുത്താമെന്ന മറുപടിയാണ് സ്‌കൂള്‍ മാനേജ്‌മെന്റ് അധികൃതര്‍ നല്‍കുന്നത്. 

കുട്ടികൾക്ക്  ഈ വർഷം തന്നെ പരീക്ഷ എഴുതാൻ സംവിധാനം ഉണ്ടാക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. എട്ടാം ക്ലാസ് വരെ മാത്രമാണ് അരൂജ സ്‌കൂളിന് അംഗീകാരമുള്ളത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒമ്പതാം ക്ലാസിന് ശേഷം വിദ്യാര്‍ഥികളെ സ്‌കൂള്‍ അധികൃതര്‍ മറ്റ് സ്‌കൂളിലെത്തിച്ചാണ് പരീക്ഷ എഴുതിച്ചിരുന്നത്. പരീക്ഷയ്ക്കായി ഒരുങ്ങിയ വിദ്യാർഥികൾ വാർത്തയറിഞ്ഞതോടെ കടുത്ത മാനസിക സമ്മർദത്തിലാണ്.

content highlights: thoppumpady CBSE school lies about affiliation, 29 students unable to write 10th standard exam

LEAVE A REPLY

Please enter your comment!
Please enter your name here