ഡൽഹി സംഘർഷം; മരണം 5 ആയി, പരക്കെ തീവെപ്പും കല്ലേറും, പേര് ചോദിച്ച് മർദ്ദിക്കുകയാണെന്ന് പരിക്കേറ്റവർ

delhi caa protests, Schools Shut, Internal Exams Cancelled, Restrictions In Place

ഡൽഹിയിൽ പൌരത്വ നിയമത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുണ്ടായ സംഘർഷത്തിൽ മരണം അഞ്ചായി. ഒരു പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേരാണ് മരിച്ചത്. 50 പേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. 24 മണിക്കൂറിനുള്ളിലെ രണ്ടാമത്തെ സംഘർഷമാണിത്. ഡൽഹിയിൽ പത്തിടങ്ങളിൽ നിരോധനാജ്ഞ തുടരുന്നു. സംഘർഷ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് അവധി പ്രഖ്യാപിച്ചുണ്ട്. ചൊവ്വാഴ്ച നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചു. പേര് ചോദിച്ചും മതം നോക്കിയുമാണ് ആക്രമിക്കുന്നതെന്ന് പരിക്കേറ്റവർ മാധ്യമങ്ങളോട് പറഞ്ഞു. 

കഴിഞ്ഞ ദിവസം പൊലീസിന് നേരെ വെടിയുതിർത്ത ജാഫ്രാബാദ് സ്വദേശി ഷാരൂഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമണത്തിന് ആഹ്വാനം ചെയ്ത ബിജെപി നേതാവ് കപിൽ മിശ്രയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റി പൊലീസില്‍ പരാതി നല്‍കി. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ഇന്നും ചേരും.

സ്ഥലത്ത് കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്. എട്ട് സിആർപിഎഫ് കമ്പനി സേനയും റാപിഡ് ആക്ഷൻ ഫോഴ്സും വനിത സുരക്ഷാ സേനയും സംഭവ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. സാമുദായിക ഐക്യം നിലനിർത്തണമെന്ന് ഡൽഹിയിലെ ജനങ്ങളോട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആഹ്വാനം ചെയ്തു. നഗരത്തിൽ സമാധാനം പുനഃസ്ഥാപിക്കാൻ എല്ലാവരും ശ്രമിക്കണമെന്നും ആക്രമണത്തിൽ നിന്ന് വിട്ടു നിൽക്കണമെന്നും മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും അറിയിച്ചു.

content highlights: delhi caa protests, Schools Shut, Internal Exams Cancelled, Restrictions In Place