പബ്ബും ബ്രൂവറിയുമില്ല; സംസ്ഥാന സർക്കാരിൻ്റെ കരട് മദ്യനയത്തിന് മന്ത്രിസഭ അംഗീകാരം

Kerala cabinet approved the liquor policy

പബ്ബുകൾ തുടങ്ങാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട്. പുതിയതായി ബ്രൂവറികൾക്ക് ലൈസൻസ് നൽകേണ്ടതില്ലെന്നും, ഇത് രണ്ടും അംഗികരിക്കുന്ന സംസ്ഥാന സർക്കാരിൻ്റെ കരട് മദ്യനയത്തിന് മന്ത്രിസഭ അംഗീകാരം നൽകി. ഏപ്രിൽ ഒന്ന് മുതലാണ് പുതിയ മദ്യനയം നിലവിൽ വരുന്നത്. ബ്രൂവറികളില്‍ നിന്ന് ടൈഅപ്പ് ഫീസ് ഈടാക്കാനും പുതിയ മദ്യനയം വ്യവസ്ഥ ചെയ്യുന്നുണ്ട്. കഴിഞ്ഞ മദ്യനയത്തെക്കാൾ പ്രത്യേകിച്ച് മാറ്റങ്ങളൊന്നും ഇല്ലാതെയാണ് കരട് മദ്യനയത്തിന് അംഗീകാരമായത്. ഒന്നാം തീയതിയിലെ ഡ്രൈഡേ ഒഴിവാക്കുക, സംസ്ഥാനത്ത് പബ്ബുകളും ബ്രൂവറികളും മൈക്രോ ബ്രൂവറികളും തുടങ്ങുന്ന കാര്യത്തിൽ നയപരമായ തീരുമാനം എന്നിവയാണ് മന്ത്രിസഭ യോഗത്തിൻ്റെ പരിഗണനക്ക് വന്ന പ്രധാന വിഷയങ്ങൾ.

ഒന്നാം തീയതിയിലെ ഡ്രൈഡേ ഒഴിവാക്കണമെന്ന ശുപാർശകൾ പല തലങ്ങളിൽ നിന്നും സർക്കാരിന് മുന്നിലെത്തിയെങ്കിലും ഡ്രൈഡേ ഒഴിവാക്കേണ്ടതില്ല എന്ന നിലപാടാണ് സർക്കാർ എടുത്തിരിക്കുന്നത്. സംസ്ഥാനത്തെ കള്ളുഷാപ്പുകളുടെ ലേലം പുനഃരാരംഭിക്കുന്നതിനും ടോഡി ബോര്‍ഡ് നിലവില്‍ വരുന്നത് വരെ ഷാപ്പ് ലേലം തുടരുന്നതിനും ബാര്‍ ലൈന്‍സുള്ള ക്ലബുകളുടെ വാര്‍ഷിക ലൈന്‍സ് ഫീ എടുത്ത് കളയുവാനും പുതിയ മദ്യനയത്തില്‍ വ്യവസ്ഥയുണ്ട്. സംസ്ഥാനത്ത് പബ്ബുകൾ തുടങ്ങുന്നതിൽ തെറ്റില്ലാ എന്ന നിലപാടായിരുന്നു മുഖ്യമന്ത്രിക്കും സിപിഎമ്മിനും ഉണ്ടായിരുന്നത്. ഇത് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയും പിന്നീട് വിവാദവുമായി മാറുകയുമായിരുന്നു. എന്നാൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ എതിർപ്പുയർന്ന സാഹചര്യത്തിൽ തത്കാലം പബ്ബുകൾ ആവശ്യമില്ലെന്ന തീരുമാനത്തിലെക്ക് സർക്കാർ എത്തുകയായിരുന്നു.

Content Highlights: Kerala cabinet approved the liquor policy, pubs and brewery excluded