11 കുട്ടികളുടെ മരണത്തിന് കാരണമായത് ചുമയുടെ കഫ് സിറപ്പാണെന്ന് റിപ്പോർട്ട്

3400 bottles of cough syrup suspected to have contained a poisonous compound 

ജമ്മുവിലെ ഉദംപൂർ ജില്ലയിലെ രാംനഗറിലുള്ള 11 കുട്ടികളുടെ മരണത്തിന് കാരണമായത് ചുമയുടെ മരുന്നാണെന്ന് റിപ്പോർട്ട്. ColdBest-PC എന്ന ചുമയുടെ മരുന്നിൻ്റെ 3,400 ലേറെ കുപ്പികളാണ് ഇതിനോടകം വിറ്റുപോയിരിക്കുന്നത്. 2019 സെപ്റ്റംബർ മുതൽ 2020 ജനുവരി വരെ വിറ്റുപോയ കുപ്പികളുടെ കണക്കാണിത്. കഫ് സിറപ്പിൻ്റെ ഒരു കുപ്പിയിൽ 60 മില്ലി ലിറ്റർ മരുന്നാണ് ഉള്ളത്. ഒറ്റ തവണത്തെ ഡോസിൽ 5-6 മില്ലി മരുന്ന അകത്ത് ചെല്ലുകയാണെങ്കിൽ 10-12 ഡോസാകുമ്പോൾ രോഗി മരിക്കാനിടവരുമെന്ന് ഹിമാചൽ പ്രദേശ് കൺട്രോളർ നവ്നീത് മാർവ പറഞ്ഞു. ഡിസംബറിനും ജനുവരിക്കുമിടയില്‍ മരുന്ന് കഴിച്ച 17 കുട്ടികളെ അസ്വസ്ഥതകളുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും വൃക്കസ്തംഭനത്തെ തുടര്‍ന്ന് ഇതിൽ പതിനൊന്ന് കുട്ടികൾ മരണപ്പെടുകയും ചെയ്തു. ചുമയ്ക്ക് നൽകിയ മരുന്നാണ് കുട്ടികളുടെ മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

മരുന്നില്‍ ഡൈഥലിന്‍ ഗ്ലൈക്കോളിൻ്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇതിൽ കൂടുതൽ അന്വേഷണങ്ങൾ നടത്തി വരികയാണ്. ഹിമാചല്‍ പ്രദേശ് ആസ്ഥാനമായ ഡിജിറ്റല്‍ വിഷന്‍ ഫാര്‍മയാണ് കഫ് സിറപ്പ് വിപണിയിലെത്തിച്ചത്. ജമ്മു-കശ്മീര്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, തമിഴ്‌നാട്, മേഘാലയ, ത്രിപുര എന്നിവടങ്ങളിലായി 5,500 കുപ്പികള്‍ കഴിഞ്ഞ സെപ്റ്റംബറില്‍ വിപണിയിലെത്തിച്ചിരുന്നു. വിൽപന രസീതുകളുടെ അടിസ്ഥാനത്തിൽ മരുന്ന് വാങ്ങിയവരെ കണ്ടെത്തുവാനുള്ള ശ്രമം നടത്തി വരികയാണെന്ന് നവ്നീത് മാർവ പറഞ്ഞു. വിറ്റ മരുന്നുകളിൽ 1500 എണ്ണം മാർക്കറ്റിൽ തിരികെ എത്തിയതായി നവ്നീത് മാർവ അറിയിച്ചു. മരുന്ന് നിര്‍മാണ കമ്പനിയുടെ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. മരുന്ന് നിര്‍മാണത്തിനുപയോഗിക്കുന്ന ഘടകങ്ങള്‍ കൃത്യമായി പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ദ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഡനൈസേഷൻ നിർദേശിച്ചു.

Content Highlights: 3400 bottles of cough syrup suspected to have contained a poisonous compound