തൃത്താല സ്നേഹ നിലയത്തിൽ മൂന്ന് വർഷത്തിനിടെ മരിച്ചത് 21 പേർ; പ്രവർത്തനം അനുമതിയില്ലാതെ

21 death with in three years in thrithala snehanilayam

ക്രൂരമർദനത്തിനിരയായി വയോധികൻ മരിച്ച തൃത്താല മുടവന്നൂർ സ്നേഹനിലയത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആരോഗ്യ വകുപ്പ് രംഗത്ത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മരിച്ചത് 21 അന്തേവാസികളാണെന്നും അനുമതിയോടെയല്ല പ്രവർത്തനമെന്നും, മരിച്ചവരുടെ പോസ്റ്റുമാർട്ടം നടന്നതിൽ വ്യക്തത ഇല്ലെന്നും ആരോഗ്യ വകുപ്പ് കണ്ടെത്തി. വിശദമായ റിപ്പോർട്ട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറിയിട്ടുണ്ട്. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ വിശദമായ അന്വോഷണം ആവശ്യമാണെന്നാണ് തൃത്താലയിലെ ആരോഗ്യ വകുപ്പ് വിഭാഗം വ്യക്തമാക്കിയിരിക്കുന്നത്.

ക്രൂര മർദനത്തിനിരയായ തൃശൂർ സ്വദേശി സിദ്ധിഖ് മരിച്ചതോടെയാണ് സ്നേഹനിലയം വാർത്തകളിൽ ഇടം പിടിക്കുന്നത്. മരവടി ഉൾപെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു മർദ്ദനം എന്ന് വ്യക്തമാക്കുന്ന ശബ്ദ രേഖ ഇന്നലെ പുറത്ത് വന്നിരുന്നു. ആന്തരികാവയവങ്ങൾക്കേറ്റ ക്ഷതമാണ് മരണ കാരണമെന്നാണ് പോസ്റ്റുമാർട്ടത്തിലെ കണ്ടെത്തൽ. കഴിഞ്ഞ മാസം 20 നാണ് ചികിത്സയ്ക്കും ശസ്ത്രക്രിയക്കുമായി ബന്ധുക്കൾ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് 29 നാണ് മർദനമേറ്റ പരാതി തൃത്താല പോലീസിന് കിട്ടുന്നത്. ക്രൂരമർദനമേറ്റതാണെങ്കിൽ പരാതി നൽകാൻ വൈകിയതിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നെന്ന് പോലീസ് പറയുന്നു.

തൃശൂരിലെ ചികിത്സാ രേഖകൾ കൂടി പരിശോധിക്കണമെന്ന് പോലിസ് വ്യക്തമാക്കി. മാനസിക നില തെറ്റിയ അന്തേവാസികളോട് പലപ്പോഴും ബലപ്രയോഗം നടത്തേണ്ടി വരാറുണ്ടെന്ന് അറസ്റ്റിലായ മുഹമ്മദ് നബീൽ പോലിസിനോട് സമ്മതിച്ചിട്ടുണ്ട്. എന്നാൽ മർദിക്കാറില്ലെന്നും പിന്നീട് മൊഴി നൽകി. ഇതിൻ്റെ യാഥാർത്ഥ്യമറിയാൻ സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുമെന്നും, പ്രദേശ വാസികളുടെ മൊഴിയെടുക്കുമെന്നും പോലീസ് പറഞ്ഞു.

Content Highlights; 21 death with in three years in thrithala snehanilayam