ജ്യോതിരാദിത്യ സിന്ധ്യക്ക് പന്നിപ്പനിയെന്ന് ദിഗ്വിജയ് സിങ്; ബന്ധപ്പെടാനാകാതെ പാര്‍ട്ടി നേതൃത്വം

Jyotiraditya Scindia Not Speaking, Says Swine Flu: Digvijaya Singh

മധ്യപ്രദേശിൽ 18 എംൽഎമാർ ബെംഗളൂരുവിലേക്ക് കടന്നതിന് പിന്നാലെ ജ്യോതിരാദിത്യ സിന്ധ്യയുമായി ബന്ധപ്പെടാനാകാതെ പാര്‍ട്ടി നേതൃത്വം പ്രതിസന്ധിയിൽ. സിന്ധ്യയുടെ നിർദ്ദേശ പ്രകാരമാണ് എംൽഎമാർ ബെംഗളൂരുവിലേക്ക് പോയത്. 

അനുരജ്ഞനത്തിനായി ശ്രമിച്ചിട്ടും അദ്ദേഹത്തിന് പന്നിപ്പനിയാമെന്നും സംസാരിക്കാൻ കഴിയില്ലെന്നുമാണ് പറയുന്നതെന്ന് പാർട്ടിയിലെ മുതിർന്ന നേതാവ് ദിഗ്വിജയ് സിങ് മാധ്യമങ്ങളോട് പറഞ്ഞു. മധ്യപ്രദേശിലെ വോട്ടര്‍മാരുടെ ഉത്തരവിനെ അവഹേളിക്കുന്നവര്‍ക്ക്‌ ജനങ്ങള്‍ ഉചിതമായ മറുപടി നല്‍കുമെന്നും ധർമ്മ ബോധമുള്ള ആളുകൾ പാർട്ടിയിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു. 

രാജ്യസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമാകുന്നത്. മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിൻ്റെ മുഖ്യ എതിരാളിയാണ് സിന്ധ്യ. ഈ മാസം അവസാനം നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഒന്നെങ്കിൽ  തനിക്കു സീറ്റ് നൽകണമെന്നും അല്ലെങ്കിൽ മധ്യപ്രദേശ് ഘടകത്തിൻ്റെ അധ്യക്ഷനാക്കണമെന്നുമാണ് സിന്ധ്യയുടെ ആവശ്യം. ഇത് രണ്ടും നടന്നില്ലെങ്കിൽ ബിജെപിലേക്ക് കൂറുമാറാനാണ് സാധ്യത. മധ്യപ്രദേശിൽ 2 പേരെ രാജ്യസഭയിലേക്കു ജയിപ്പിക്കാനുള്ള അംഗബലം കോൺഗ്രസിനുണ്ട്. ഇതിൽ ഒന്ന്  ദിഗ്‍വിജയ് സിങ്ങിനു നൽകുന്നതിൽ കമൽനാഥിന് എതിർപ്പില്ല. എന്നാൽ രണ്ടാം സീറ്റ് സിന്ധ്യക്കു നൽകുന്നതിനോടു യോജിപ്പില്ല. സീറ്റ് നൽകിയില്ലെങ്കിൽ സർക്കാരിനെ മറിച്ചിടാൻ കരുത്തുണ്ടെന്ന് തെളിയിക്കാൻ സിന്ധ്യ നടത്തുന്ന നീക്കമായാണ് എംഎൽഎമാരുടെ നടപടിയെ കമൽനാഥ് കാണുന്നത്.

സര്‍ക്കാരിനെ പ്രതിസന്ധിയില്‍നിന്ന് രക്ഷപ്പെടുത്താന്‍ തന്ത്രങ്ങള്‍ പയറ്റുകയാണ് മുഖ്യമന്ത്രി കമല്‍നാഥ്. തിങ്കളാഴ്ച രാത്രി പത്തുമണിയോടെ കമല്‍നാഥ് വിളിച്ച  അടിയന്തരയോഗത്തില്‍ പങ്കെടുത്ത 20 മന്ത്രിമാര്‍ രാജിസമര്‍പ്പിച്ചു. ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം നില്‍ക്കുന്ന വിമതരെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിക്കാനാണ് കമല്‍നാഥിൻ്റെ നീക്കമെന്നാണ് സൂചന.

content highlights: Jyotiraditya Scindia Not Speaking, Says Swine Flu: Digvijaya Singh