ബലൂച്ചിസ്ഥാനിലെ ആദ്യ കൊറോണ വൈറസ് കേസ് റിപ്പോർട്ട് ചെയ്തു; പാകിസ്ഥാനിൽ ആകെ 19 വൈറസ് ബാധിതർ

ക്വറ്റ: പാകിസ്ഥാന്‍റെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ആദ്യ കൊറോണ വൈറസ് കേസ് റിപ്പോർട്ട് ചെയ്തു. ഇതോടെ, പാകിസ്ഥാനിൽ വൈറസ് ബാധിച്ചവരുടെ എണ്ണം 19 ആയി. ഇറാൻ സന്ദർശനം നടത്തിയ കുടുബത്തിലെ 12 വയസ്സുകാരനാണ് വൈറസ് സ്ഥിരീകരിച്ചത്. കുട്ടിയെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.

കുട്ടിയുടെ കുടുംബക്കാരെയും ഇവരുമായി അടുത്തിടപഴകിയവരെയും കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് ബലൂച്ചിസ്ഥാൻ സർക്കാർ വക്താവ് ലിയാക്കത്ത് ഷവാനി മാധ്യമങ്ങളോട് പറഞ്ഞു. സാമ്പിളുകള്‍ രക്ത പരിശോധനക്ക് അയച്ചതായും ഷവാനി പറഞ്ഞു.

അതേസമയം, പാകിസ്ഥാനിലെ സിദ്ദ് പ്രവിശ്യയിൽ രണ്ട് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. രോഗബാധിതരിൽ ഒരാള്‍ സിറിയയിൽ നിന്നും മറ്റൊരാള്‍ ഇറാനിൽ നിന്നുമാണ് വന്നതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ, സിദ്ദ് പ്രവിശ്യയിൽ വൈറസ് ബാധിച്ചവരുടെ എണ്ണം 15 ആയി.

പ്രശ്ന പരിഹാര മാർഗങ്ങള്‍ തേടി ഉന്നതതല യോഗം ചേരാനും സിദ്ദ് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പൊതുപരിപാടികള്‍ ഉപേക്ഷിക്കാനും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. കറാച്ചി വിമാനത്താവളത്തിൽ തെർമൽ സെൻസറുകള്‍ സ്ഥാപിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. ഏഷ്യയുടനീളം കൊറോണ കേസുകള്‍ വർദ്ധിക്കുമ്പോഴും ഉദാസീന മനോഭാവമാണ് പാകിസ്ഥാൻ തുടരുന്നത്.

Content Highlight: First Corona Virus Case Reported in Balochistan