ഭോപ്പാൽ: കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബിജെപി അംഗത്വം സ്വീകരിച്ച ജ്യോതിരാദിത്യ സിന്ധ്യ മധ്യപ്രദേശിലെ പാർട്ടി ഓഫീസിൽ ആദ്യ സന്ദർശനം നടത്തി. വികാരഭരിതമായ ദിനമെന്നാണ് സിന്ധ്യ സന്ദർശന ദിവസത്തെക്കുറിച്ച് പറഞ്ഞത്. ബിജെപി കുടുംബത്തോട് നന്ദി പറഞ്ഞ സിന്ധ്യ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർ ആശംസ അറിയിച്ചതായും പറഞ്ഞു.
വൻ ജനാവലിയാണ് സിന്ധ്യയെ സ്വീകരിക്കാൻ ഭോപ്പാലിലെത്തിയത്. മധ്യപ്രദേശിന്‍റെ പ്രിയങ്കരനായ നേതാവാണ് താനെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയായിരുന്നു സിന്ധ്യ. താൻ 20 വർഷം ജീവിച്ച, പ്രവർത്തിച്ച കുടുംബത്തിൽ നിന്ന് വിട്ടുമാറി പുതിയ ഇടം സ്വയം കണ്ടെത്തിയെന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത് സിന്ധ്യ പറഞ്ഞു. ഇതേറെ വികാരം നിറഞ്ഞ സമയമാണെന്നും സിന്ധ്യ കൂട്ടിച്ചേർത്തു.
കോൺഗ്രസിനുള്ളിൽ മാസങ്ങളായി നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങളും, തർക്കങ്ങളുമാണ് 18 വർഷത്തോളം തുടർന്ന് വന്നിരുന്ന ശൈലിയിൽ നിന്നും മാറി ചിന്തിക്കാൻ സിന്ധ്യയെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ടുകള്‍. കഴിഞ്ഞ ദിവസമാണ് സിന്ധ്യ ബിജെപി അംഗമായി ഔദ്യോഗികമായി ചുമതലയേറ്റത്.
Content Highlight: Jyotiraditya Scindia visit party office in Bhopal